കൊച്ചി: സമുദായങ്ങളുടെ പിന്നാക്കപദവി നീക്കണമെന്നാവശ്യമുന്നയിച്ച് നല്‍കിയ ഹര്‍ജി തള്ളി പിഴ വിധിച്ച് ഹൈക്കോടതി. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു സേവ കേന്ദ്രം എന്ന സംഘടന നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്.
മുസ്ലീം, ലത്തീന്‍ കത്തോലിക്കര്‍, ക്രിസ്ത്യന്‍ നാടാര്‍, പരിവര്‍ത്തിത പട്ടികജാതിക്കാര്‍ എന്നീ സമുദായങ്ങളെ പിന്നാക്ക പട്ടികയില്‍ നിന്നും ഒഴിവാക്കി ഉത്തരവിടണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍, ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷവും, എസ്.സി, എസ്.ടി മറ്റു പിന്നാക്ക വിഭാഗങ്ങളെയും നിശ്ചയിച്ചിരിക്കുന്നതെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് സമുദായങ്ങള്‍ സംവരണം നല്‍കിയിരിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിക്കാന്‍ എങ്ങനെ സാധിച്ചുവെന്നും ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.
മാത്രമല്ല, ഹര്‍ജിക്കാര്‍ 25000 രൂപ പിഴയൊടുക്കണമെന്നും, ഈ തുക അപൂര്‍വ്വ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ രൂപീകരിച്ച അക്കൌണ്ടിലേക്ക് ഒരു മാസത്തിനകം നിക്ഷേപിക്കണമെന്നും കോടതി ഉത്തരവിട്ടു.

