ന്യൂഡൽഹി: അയൽരാജ്യങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ. ബംഗ്ലാദേശിലേക്ക് ഇന്ത്യ ട്രെയിൻ മാർഗം ഓക്‌സിജൻ അയച്ചു. 200 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്‌സിജനും വഹിച്ചുകൊണ്ടുള്ള ഓക്‌സിജൻ എക്‌സ്പ്രസ് ബംഗ്ലാദേശിലേക്ക് പുറപ്പെട്ടു. ഇതാദ്യമായാണ് രാജ്യത്ത് നിന്നും ഓക്‌സിജനുമായി വിദേശ രാജ്യത്തേക്ക് ട്രെയിൻ സർവ്വീസ് നടത്തുന്നത്.
സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ചക്രധർപൂർ ഡിവിഷനിലെ ടാറ്റയിൽ നിന്നാണ് ബംഗ്ലാദേശിലെ ബെനാപോളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നത്. പത്ത് കണ്ടെയ്‌നറുകളിലായാണ് ഇന്ത്യ ഓക്‌സിജൻ കയറ്റി അയക്കുന്നത്. ട്രെയിൻ യാത്ര ആരംഭിക്കുന്നതിന്റെ വിഡിയോ റെയിൽവേ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. 2021 ഏപ്രിൽ 24ന് ആണ് ഇന്ത്യൻ റെയിൽവേ ഓക്‌സിജൻ എക്‌സ്പ്രസിന് തുടക്കം കുറിച്ചത്. ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ ആവശ്യമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായാണ് ഇന്ത്യ ഓക്‌സിജൻ എക്‌സ്പ്രസുകൾ ആരംഭിച്ചത്. 15 സംസ്ഥാനങ്ങളിലേക്ക് 35,000 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനാണ് ഇന്ത്യ ഓക്‌സിജൻ എക്‌സ്പ്രസുകൾ വഴി എത്തിച്ചത്.

