തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തിരിമറികളില്‍ അപ്രതീക്ഷിത അന്വേഷണത്തിന് പിന്നാലെ സഹകരണ രജിസ്ട്രാര്‍ പി. ബി. നൂഹിന് അധിക ചുമതല നല്‍കി സ്ഥലംമാറ്റം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാത്രം അറിയിച്ച് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു പി. ബി. നൂഹ് പരിശോധനകള്‍ക്കായി ബാങ്കില്‍ എത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിയുകയും വിലയിരുത്തുകയും ചെയ്തു.
ശേഷം, ജോയിന്റ് രജിസ്ട്രാര്‍ മനോമോഹന്‍ പി. ജോസഫ്, ജോയിന്റ് ഡയറക്ടര്‍ ലളിതാംബിക, ബാങ്കിന്റെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ മുകുന്ദപുരം അസി. രജിസ്ട്രാര്‍ എം. സി. അജിത് എന്നിവരുമായും, മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തിന് കൊവിഡ് മൂല്യനിര്‍ണയച്ചുമതല കൂടി ലഭിച്ചതും അതിനെത്തുടര്‍ന്ന് കാസര്‍കോട്ടേക്ക് പോകേണ്ടി വന്നതും. വരുന്ന ഒരാഴ്ചക്കാലം പി. ബി. നൂഹിന് കാസര്‍ഗോഡ് ചെലവഴിക്കേണ്ടിവരുമെന്നാണ് ഔദ്യോഗ്യവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചിരുന്നതായി ആരോപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയിട്ടുണ്ട്. കരുവന്നൂരില്‍ വലിയ കൊള്ളയാണ് നടന്നതെന്നും, സി.പി.എം നേതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരം, ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. അതിനാല്‍, കേസ് സി.ബി.ഐ പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും സര്‍ക്കാരിനെതിരെ സമരവുമായി രംഗത്തുണ്ട്. ഇതിനോടകം തന്നെ അമിത്ഷായ്ക്ക് നിവേദനവും നല്‍കിക്കഴിഞ്ഞു.
സംഭവത്തില്‍ സഹകരണ വകുപ്പ് ഉന്നതതല അന്വേഷണത്തിനായി ആഹ്വാനം നല്‍കിയിട്ടുണ്ട്, ജീവനക്കാരുടെ പങ്ക് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടായേക്കുമെന്നും അറിയിച്ചിട്ടുണ്ട്.

