കോലാലംപൂര്‍: റോയല്‍ മലേഷ്യന്‍ എയര്‍ഫോഴ്‌സ് ഇന്ത്യയുടെ എല്‍സിഎ തേജസ് എംകെ 1 എ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു. ആദ്യഘട്ടത്തില്‍ 18 തേജസ് എംകെ 1 എ ലൈറ്റ്‌കോംപാക്ട് എയര്‍ക്രാഫ്റ്റുകളാകും വാങ്ങുക.
എയറോനോട്ടിക്കല്‍ ഡവലപ്‌മെന്റ് ഏജന്‍സി, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് എന്നിവ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത യുദ്ധ വിമാനമാണ് തേജസ് ഒന്നിന് 309 കോടി ഇന്ത്യന്‍ രൂപ നിരക്കിലാണ് തേജസ് മലേഷ്യയ്ക്ക് നല്‍കുക. ലൈറ്റ് കോംമ്പാറ്റ് യുദ്ധ വിമാനങ്ങള്‍ക്കായി കഴിഞ്ഞ മാസം 22 നാണ് മലേഷ്യന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര ടെന്‍ഡര്‍ വിളിച്ചത്.
10 ലൈറ്റ് കോംബാറ്റ് വിമാനങ്ങള്‍ക്ക് 8 പരിശീലകര്‍ എന്ന അനുപാതത്തില്‍ 18 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് മലേഷ്യന്‍ സര്‍ക്കാരിന്റെ നീക്കം. നിലവില്‍ മലേഷ്യന്‍ വ്യോമസേനയുടെ ഭാഗമായ ബോയിംഗ് എഫ് / എ 18 ഡി ഹോര്‍നെറ്റ്, സുഖോയ് സു 30 എം.കെ.എം എന്നീ വിമാനങ്ങള്‍ക്കൊപ്പം വ്യോമസേനയുടെ കരുത്ത് കൂട്ടാനും കാലപ്പഴക്കം ചെന്ന ചില പരിശീലക വിമാനങ്ങള്‍ക്ക് പകരമായിട്ടുമാണ് പുതിയ വിമാനങ്ങള്‍ വാങ്ങുന്നത്.
തേജസിന്റെ സവിശേഷതകള്‍
• ഒറ്റ എന്‍ജിനും ഇരട്ടസീറ്റുമുള്ള യുദ്ധവിമാനം
• 13.2 മീറ്റര്‍ നീളം, 12 ടണ്‍ ഭാരം, ഉയരം 4.4 മീറ്റര്‍
• മണിക്കൂറില്‍ 1350 കിലോമീറ്ററാണ് തേജസ്സിന്റെ പരമാവധി വേഗം
• എതിര്‍ പോര്‍വിമാനങ്ങള്‍ തിരിച്ചറിയാന്‍ സെന്‍സര്‍ സംവിധാനം
• കരയിലും കടലിലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി
• ദൂരപരിധി 400 കി.മീ
• ഒരു യൂണിറ്റ് തേജസ് നിര്‍മിക്കാനുള്ള ചെലവ് 220 മുതല്‍ 250 കോടി രൂപവരെ.

