അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ ജമ്മു പോലീസ് വെടിവച്ചുവീഴ്ത്തി

ജമ്മു: അഞ്ച് കിലോഗ്രാം സ്ഫോടകവസ്തുക്കളുമായി (ഐ.ഇ.ഡി) ഏഴ് കിലോമീറ്റര്‍ അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ ജമ്മു കശ്മീര്‍ പോലീസ് വെടിവച്ചുവീഴ്ത്തി. പോലീസിന്റെ ക്വിക് റിയാക്ഷന്‍ ടീമാണു ഭീകരാക്രമണശ്രമം തകര്‍ത്തത്. പുലര്‍ച്ചെ ഒന്നോടെയാണു താഴ്ന്നുപറന്ന ഡ്രോണ്‍ വെടിവച്ചിട്ടതെന്ന് എ.ഡി.ജി.പി. മുകേഷ് സിങ് വ്യക്തമാക്കി.

ജി.പി.എസ്, ഫ്ളൈറ്റ് കണ്‍ട്രോളര്‍ സംവിധാനങ്ങളടക്കം, ആറ് ചിറകുള്ള ഹെക്സാ എം-കോപ്റ്റര്‍ ഡ്രോണാണിതെന്നു പ്രാഥമികപരിേശാധനയില്‍ വ്യക്തമായി. യന്ത്രഭാഗങ്ങള്‍ ചൈന, തായ്വാന്‍, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിര്‍മിച്ചതാണ്.ലഷ്‌കറെ തോയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുടെ പക്കല്‍ ഫ്ളൈറ്റ് കണ്‍ട്രോളര്‍ ഡ്രോണുകള്‍ ധാരാളമായി എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണിതു വ്യക്തമാക്കുന്നതെന്ന് എ.ഡി.ജി.പി. പറഞ്ഞു.കഴിഞ്ഞവര്‍ഷം കത്വയില്‍ വെടിവച്ചിട്ട ഡ്രോണ്‍ അതിര്‍ത്തി കടന്ന് 30 കി.മീ. പറന്നാണെത്തിയത്. വഹിക്കുന്ന ഭാരത്തിനനുസരിച്ചാണു ഡ്രോണുകളുടെ സഞ്ചാരദൂരം.