മുഴുവന്‍ ഗര്‍ഭിണികളും വാക്‌സിന്‍ സ്വീകരിക്കണം, വിമുഖത കാട്ടരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗര്‍ഭിണികള്‍ വിമുഖത കാട്ടാതെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞിന്റെയും തന്റെയും സുരക്ഷ കണക്കിലെടുത്ത് മുഴുവന്‍ ഗര്‍ഭിണികളും വാക്‌സിന്‍ സ്വീകരിക്കണമെന്നും ഇതിനായി ‘മാതൃകവചം’ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതിനോടകം 40000 ഓളം ഗര്‍ഭിണികള്‍ വാക്‌സിനെടുത്തിട്ടുണ്ട്, നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് കേന്ദ്രം ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനമെടുത്തിരിക്കുന്നത്, ആശാവര്‍ക്കര്‍മാര്‍ സഹായത്തിനുണ്ടാകും, രജിസ്‌ട്രേഷന് ബുദ്ധിമുട്ടുള്ളവര്‍ക്ക് അവരെ സമീപിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, വാക്‌സിന്‍ എടുക്കാന്‍ വരുന്ന ഗര്‍ഭിണികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ മുന്‍കരുതല്‍ എടുത്തിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗര്‍ഭാവസ്ഥയിലെ അവസാന കാലത്ത് ഒന്നാം ഡോസ് എടുത്താലും മുലയൂട്ടുന്ന സമയമായാല്‍ കൂടി രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കുന്നതില്‍ തടസ്സമില്ലെന്നും, മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏത് സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൂടാതെ, മരണനിരക്ക് ഇന്ത്യയില്‍തന്നെ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്, ആരോഗ്യസംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുംവിധം രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമായിട്ടുണ്ട്, മറ്റ് രോഗാവസ്ഥ ഉള്ളവരില്‍ കോവിഡ് രൂക്ഷമാകുന്നതിനാല്‍ അത്തരക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,871 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.