ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോയെന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ. കർണാടക മുഖ്യമന്ത്രിയായി തുടരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പറയുന്നതെന്തും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രണ്ടുവർഷം പൂർത്തിയാകുന്ന ജൂലൈ 26 ന് ശേഷം കർണാടക മുഖ്യമന്ത്രിയായി തുടരില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
മറ്റൊരാൾക്കു വഴിയൊരുക്കാൻ രാജിവയ്ക്കുമെന്നു രണ്ടുമാസം മുൻപു താൻ പറഞ്ഞിരുന്നതായി നിങ്ങൾക്കെല്ലാവർക്കും അറിയാം. സർക്കാർ രണ്ടു വർഷം പൂർത്തിയാകുന്ന ജൂലൈ 26 ന് ആഘോഷ പരിപാടിയുണ്ട്. അതിനു ശേഷം, ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദ തീരുമാനിക്കുന്നതെന്തും അനുസരിക്കും. അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും ബിജെപിയെ അധികാരത്തിൽ എത്തിക്കുകയെന്നത് തന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി സഹകരിക്കണമെന്ന് അദ്ദേഹം പാർട്ടി അനുഭാവികളോടും പ്രവർത്തകരോടും അഭ്യർത്ഥിക്കുകയും ചെയ്തു.
പാർട്ടി നേതൃത്വം തന്നോട് ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഈ മാസം 26 ന് ശേഷം എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

