കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : പ്രതികള്‍ മൂന്ന് പേരും സിപിഎം അംഗങ്ങള്‍

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികള്‍ മൂന്ന് പേരും സിപിഎം അംഗങ്ങള്‍. മാനേജര്‍ ബിജു കരീം, സെക്രട്ടറി ടി.ആര്‍ സുനില്‍ കുമാര്‍, ചീഫ് അക്കൗണ്ടന്റ് സി.കെ ജില്‍സ് എന്നീ പ്രതികള്‍ പാര്‍ട്ടി അംഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗവും ടി.ആര്‍ സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നൂറുകോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടര്‍ന്ന് 13 അംഗഭരണസമിതി പിരിച്ചു വിട്ടിരുന്നു. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കിയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്. ബാങ്കില്‍ വന്‍കിട ലോണുകള്‍ നല്‍കിയിരുന്നത് കമ്മീഷന്‍ വ്യവസ്ഥയിലെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.