ആദ്യ പെഡല്‍ പൊലീസ് സംവിധാനത്തിന് കണ്ണൂരില്‍ തുടക്കം

കണ്ണൂര്‍: സംസ്ഥാനത്തെ ആദ്യ പെഡല്‍ പൊലീസ് (ബൈസിക്കിള്‍ പട്രോളിങ്) സംവിധാനത്തിന് കണ്ണൂരില്‍ തുടക്കം. കെ.വി.സുമേഷ് എംഎല്‍എപദ്ധതി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ബൈസിക്കിള്‍ മേയര്‍ ഷാഹിന്‍ പള്ളിക്കണ്ടിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.പരിസ്ഥിതി സൗഹൃദമായ പട്രോളിങ് , പട്രോളിങ് വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ എത്താം എന്നിവയാണ് പദ്ധതിയുടെ മെച്ചം. ആരോഗ്യകരമായ ശീലങ്ങളിലൊന്നായി കണ്ണൂര്‍ നഗരം സൈക്ലിങ്ങിനെ നേരത്തേ തന്നെ സ്വീകരിച്ചിരുന്നു.ഷാഹിന്‍ പള്ളിക്കണ്ടി നല്‍കിയ സൈക്കിളുകള്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മുഖ്യാതിഥിയായിരുന്നു. മുന്‍ എംപി പി.കെ.ശ്രീമതി, അസി. പൊലീസ് കമ്മിഷണര്‍ പി.പി.സദാനന്ദന്‍, കാനന്നൂര്‍ സൈക്ലിങ് ക്ലബ് വൈസ് പ്രസിഡന്റ് എ.ജോഗേഷ്,
പിങ്ക് റൈഡേഴ്‌സ് ചെയര്‍പഴ്‌സന്‍ ഡോ.മേരി ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.