തിരുവനന്തപുരം: വനം മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ഗവർണർക്കും വനിതാ കമ്മീഷനിലും പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ എസ് നായരാണ് ശശീന്ദ്രനെതിരെ പരാതി നൽകിയത്. പീഡനപരാതി ഒതുക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ശശീന്ദ്രനെതിരെ പരാതി നൽകിയിരിക്കുന്നത്. സ്ത്രീക്കെതിരായ കുറ്റകൃത്യം മനപൂർവ്വം മറച്ച് വയ്ക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ഒരു മന്ത്രി തന്നെ സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിക്കുന്നത് കേട്ട് കേൾവിയില്ലാത്ത സംഭവമാണ്. ഇന്ത്യൻ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങൾക്ക് എതിരായ സംഭവമാണിത്. ധാർമികമായും നിയമപരമായും ഈ മന്ത്രിക്കു തൽസ്ഥാനത്തു തുടരാൻ അവകാശമില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ശശീന്ദ്രനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകണം. സംസ്ഥാനത്തെ സ്ത്രീകളുടെ ആകെ അഭിമാനം ഉയർത്തിപ്പിടിക്കാൻ മന്ത്രിയെ പുറത്താക്കാൻ മുൻകൈ എടുക്കണമെന്ന് ഗവർണർക്ക് നൽകിയ കത്തിൽ വീണ ആവശ്യപ്പെടുന്നു. മന്ത്രിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യണമെന്നാണ് വനിതാ കമ്മീഷന് നൽകിയ പരാതിയിലും വീണ ചൂണ്ടിക്കാട്ടുന്നത്.
യൂത്ത് ലീഗ് നേതാവ് അഡ്വ. സജാൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും മന്ത്രിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

