ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗമുണ്ടായപ്പോൾ ഓക്‌സിജൻ ലഭിക്കാതെ രോഗികൾ ആശുപത്രികൾക്ക് മുന്നിലും റോഡിലും മറ്റുമായി മരിച്ചു വീണെന്ന ആരോപണം നിഷേധിച്ച് കേന്ദ്ര സർക്കാർ. രാജ്യത്ത് ഓക്‌സിജൻ പ്രതിസന്ധി ഒരു സമയത്ത് രൂക്ഷമായിരുന്നുവെന്നും എന്നാൽ ഇതുമൂലം സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രം രാജ്യസഭയിൽ വ്യക്തമാക്കിയത്.
കോവിഡ് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ച കണക്കുകൾ സംസ്ഥാനങ്ങൾ വ്യക്തമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ അറിയിച്ചു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം യഥാസമയം മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞിരുന്നു.
സർക്കാരിന്റെ വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എല്ലാവർക്കും സത്യമറിയാം എന്നാണ് കോൺഗ്രസ് സംഭവത്തിൽ കോൺഗ്രസ് പ്രതികരിച്ചത്. കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകൾ വളച്ചൊടിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ നൽകിയതിന് അവകാശ ലംഘന നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങൾ നൽകുന്ന കോവിഡ് മരണങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ജോലി മാത്രമാണ് കേന്ദ്രസർക്കാരിന്റേതെന്നും കണക്കുകൾ മൂടിവയ്ക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞിരുന്നു. സഭയിൽ കോവിഡ് ചർച്ചയ്ക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

