ഒരറ്റത്ത് മരണം ദർശിച്ചു തന്നെയാണ് ഈ വഴി തെരഞ്ഞെടുത്തത്; കെ കെ രമ

തിരുവനന്തപുരം: മകന് ഭീഷണിക്കത്ത് ലഭിച്ച വിഷയത്തിൽ പ്രതികരണവുമായി കെ കെ രമ എംഎൽഎ. ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി സഖാവ്. എൻ വേണുവിനും തന്റെ മകൻ അഭിനന്ദിനും നേരെ വധഭീഷണിയുമായി എം.എൽ.എ ഓഫീസിന്റെ മേൽവിലാസത്തിൽ വന്ന കത്ത് വെറുമൊരു ഊമക്കത്ത് എന്ന നിലയിൽ തള്ളിക്കളഞ്ഞുകൂടെന്നാണ് നാളിതു വരെയുള്ള അനുഭവങ്ങൾ പഠിപ്പിച്ചിട്ടുള്ളതെന്ന് കെ കെ രമ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കെ കെ രമയുടെ പ്രതികരണം.

ടി.പി.ചന്ദ്രശേഖരന്റെ തല തെങ്ങിൻ പൂക്കുല പോലെ ചിതറുമെന്ന് നേതാക്കളും, വെള്ള പുതപ്പിച്ച് കിടത്തുമെന്ന് പാർട്ടി ഗുണ്ടാസംഘങ്ങളും പരസ്യമായി പലകുറി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടി.പി.യുടെ ജീവനെടുത്തത്. മകൻ അഭിനന്ദിനും അതായിരിക്കും വിധി എന്നാണ് ഭീഷണി. എൻ വേണുവിനെയും കൊലപ്പെടുത്തുമെന്നും സി പി എം നേതാക്കളിരിക്കുന്ന ചാനൽ ചർച്ചകളിൽ കണ്ടു പോവരുതെന്നും കത്ത് തുടരുന്നു. ജീവന്റെ പാതിയല്ല, ജീവൻ തന്നെ പകുത്തു നൽകിയ പോരാട്ട പാതയിലാണ് വ്യക്തിപരമായി നിലയുറിപ്പിച്ചിട്ടുള്ളത്. 2012 മെയ് 4 ന് വള്ളിക്കാട് വച്ച് നഷ്ടപ്പെട്ടതിൽ കൂടുതലൊന്നും നഷ്ടപ്പെടാനില്ലെന്ന് ഉറച്ച ബോധ്യമുള്ളവരാണ് ആർ.എം.പി.ഐ എന്ന പാർട്ടിയുടെ ചെങ്കൊടിത്തണലിൽ നിലയുറപ്പിച്ചിട്ടുള്ള ഓരോ സഖാക്കളും. പരസ്പരം പകർന്ന ആ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ആർ.എം.പി.ഐ യുടെ ഇതുവരെയുള്ള മുന്നോട്ട് പോക്കെന്ന് കെ കെ രമ വ്യക്തമാക്കി.

ടി.പി.ചന്ദ്രശേഖരന്റെ അരുംകൊല ഞങ്ങൾക്ക് നേരെ സി.പി.എം നടത്തിയ ആദ്യ ആക്രമണമണമോ അവസാനത്തേതോ ആയിരുന്നില്ല. ആറോളം സഖാക്കൾക്ക് നേരെ നടന്ന കൊലപാതക ശ്രമങ്ങളുടെ തുടർച്ചയിലാണ് ടി.പി. കൊല്ലപ്പെടുന്നത്. അതോടെ താൽക്കാലിക വിരാമമായ ആക്രമണ പരമ്പരകൾ 2016 ലെ സി.പി.എംന്റെ അധികാര ലബ്ധിയോടെ വീണ്ടും തുടങ്ങുകയുണ്ടായി. കടുത്ത പ്രതിസന്ധികളിലും പതറാതെ, ഒട്ടും മനസ്സാന്നിദ്ധ്യം ചോർന്നു പോവാതെ ഞങ്ങളുടെ പ്രസ്ഥാനത്തെ നയിച്ച നേതൃത്വധീരതയാണ് സഖാവ് എൻ. വേണു. ഇതര മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്കൊപ്പം ചേർന്നുനിന്ന് സൈ്വര്യ ജീവിതത്തിന്റെ സാമൂഹ്യാന്തരീക്ഷം ഒഞ്ചിയത്തും ഏറാമലയിലുമൊക്കെ ഒരു പരിധിവരെയെങ്കിലും തിരികെപ്പിടിക്കാൻ കഴിഞ്ഞത് സഖാവ് വേണുവിന്റെ നേതൃപാടവം കൊണ്ടുതന്നെയാണെന്ന് കെ കെ രമ പറഞ്ഞു.

തെരെഞ്ഞെടുപ്പു വിധികളിലൂടെ ഒഞ്ചിയത്തും വടകരയിലും നിരന്തരമായി ജനത തങ്ങളെ തള്ളിക്കളയുന്നതിന്റെ ജാള്യം സി.പി.എമ്മിന് മറച്ചു വയ്ക്കാൻ സാധിക്കുന്നില്ല. അത്തരമൊരു അന്തരീക്ഷം രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്കു വഹിക്കുന്ന സഖാവ് എൻ വേണുവിനോടും ആർ.എം.പി.ഐ യോടുമുളള സി.പി.എം നേതൃത്വത്തിന്റെ വിദ്വേഷവികാരം മനസ്സിലാക്കാം. എന്നാൽ മറഞ്ഞു നിന്നുള്ള ഇത്തരം ഭീഷണികൾ കൊണ്ട് ഞങ്ങളെയെല്ലാം ഭയപ്പെടുത്തി വീട്ടിലിരുത്തിക്കളയാമെന്ന് വ്യാമോഹിക്കരുത്. ഒരറ്റത്ത് മരണം ദർശിച്ചു തന്നെയാണ് തങ്ങളീ വഴി തെരഞ്ഞെടുത്തതെന്നും കെ കെ രമ വിശദമാക്കി.

പി.ജെ. ബോയ്‌സ് , റെഡ് ആർമി തുടങ്ങിയ പേരുകളിൽ കണ്ണൂരിൽ നിന്നുള്ളവർ എന്ന് അവകാശപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. പി.ജെ ആർമിയുടെയും കണ്ണൂരിലെ സി.പി.എംന്റെ സൈബർ വിംഗുകളുടെയും നെടുനായകരായിരുന്ന ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയുമൊക്കെ കേരളത്തിൽ പടുത്തുയർത്തിയ സമാന്തര അധോലോക സമ്പദ് സാമ്രാജ്യങ്ങൾ ഭയാനകമാണ്. അതിനെ തുറന്ന് കാട്ടിയതാണ് ഇപ്പോഴത്തെ ഭീഷണിയുടെ ചേതോവികാരം. ഒഞ്ചിയത്ത് പിജെ ആർമിയുടെ പേരിൽ ഒരു വണ്ടി സി.പി.എംന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെന്ന പേരിൽ ഓടിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതൊക്കെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. പോലീസിനോടും ചിലതു പറയാനുണ്ട്. അജ്ഞാത ഭീഷണിയുടെ നിഴലിലുള്ള ഞങ്ങളെ സുരക്ഷയുടെ പേരിൽ നിങ്ങളുടെ വലയത്തിൽ വെയ്ക്കുകയല്ല, നിങ്ങളുടെ ആഭ്യന്തര വകുപ്പുമായി രാഷ്ട്രീയ ബന്ധമുള്ള ഈ ക്രിമിനൽ സംഘങ്ങളെ വെളിച്ചത്തു കൊണ്ടുവരികയും തുറുങ്കിലടയ്ക്കുകയുമാണ് നിങ്ങൾ ചെയ്യേണ്ടത്. പൊതു ജനങ്ങളിൽ ആശങ്ക പടർത്തി, ഞങ്ങളുടെ പ്രവർത്തകരുടെ ആത്മവിശ്വാസം തകർത്ത് ജനങ്ങളിൽ നിന്നകന്ന് സുരക്ഷാ വലയത്തിൽ ഒതുങ്ങി നിൽക്കാൻ എന്തായാലും ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും കെ കെ രമ പറയുന്നു.