യു കെയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു

ലണ്ടന്‍: പ്രതിദിന കോവിഡ് കേസുകള്‍ അമ്പതിനായിരത്തിന് മുകളില്‍ നില്‍ക്കേയാണ് യു കെയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. തിങ്കളാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല, എല്ലാ സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. നിയന്ത്രണങ്ങളില്ലാതെ പൊതുപരിപാടികളെല്ലാം നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ നടപടി രോഗവ്യാപനം വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിശാ ക്ലബുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.ഇന്‍ഡോര്‍ കായിക സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയുള്ള വേദികളില്‍ മുഴുവന്‍ സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാം. സിനിമ തിയറ്ററുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരില്‍ മൂന്നില്‍ രണ്ടു പേരും വാക്‌സിന്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗത്തില്‍ കുത്തിവെപ്പ് എടുക്കണമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു.