ഇറച്ചിക്കോഴി വില റെക്കോര്‍ഡിലേക്ക്

പള്ളുരുത്തി: ഇറച്ചിക്കോഴി വില ഉയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് ഇറച്ചിക്കോഴി വില കൊച്ചിയില്‍ കിലോഗ്രാമിന് 161ല്‍ എത്തി. ശനി, ഞായര്‍ ദിനങ്ങളിലും ആഘോഷവേളകളിലുമാണ് കോഴി വില വര്‍ദ്ധിക്കുന്നത്. രണ്ടാം കോവിഡ് തരംഗ സമയത്ത് 65-70 രൂപയ്ക്കാണ് ഇറച്ചിക്കോഴി ചില്ലറ വില്‍പ്പന നടന്നത്. പെട്ടെന്നുണ്ടായ വിലവര്‍ദ്ധനവ് ചില്ലറ വ്യാപാരികളെയാണ് കഷ്ടത്തിലാക്കിയത്. കോഴിയെ ക്ലീന്‍ ചെയ്ത് നല്കുന്ന ചാര്‍ജ് കൂടി ചെറുകിട വില്പ്പനശാലകള്‍ വാങ്ങാറുണ്ടെങ്കിലും വിലകൂടിയ സാഹചര്യത്തില്‍ പലരും ക്ലീനിങ്ങ് ചാര്‍ജ്ജ് ഒഴിവാക്കി.

ഏറ്റവും കൂടുകല്‍ വില്‍പ്പന നടക്കുന്ന ഞായറാഴ്ച പതിവ് വില്‍പ്പനയുടെ മൂന്നിലൊന്ന് കച്ചവടം പോലും നടന്നില്ലെന്നാണ് വ്യാപാരികള്‍ അറിയിച്ചത്. കോഴി വില വര്‍ദ്ധനവ് കുറയാതെ നില്ക്കുന്നത് പെരുന്നാള്‍ വിപണി ലക്ഷ്യം വെച്ചാണെന്നാണ് വിലയിരുത്തല്‍. എത്രവില വര്‍ദ്ധിച്ചാലും പെരുന്നാളിന് ഇറച്ചിക്കോഴി വിപണനത്തിന് കുറവൊന്നും ഉണ്ടാക്കില്ലെന്നും ഇവര്‍ കണക്കുകൂട്ടുന്നു. വിലവര്‍ദ്ധനയ്ക്ക് പിന്നില്‍ തമിഴ്‌നാട് ലോബിയാണെന്നാണ് ആരോപണം. വില വര്‍ദ്ധനവില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ കൊച്ചി മേഖലാ കമ്മറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.