പാർലമെന്റിന്റെ വർഷകാല സമ്മേളനം; കേന്ദ്ര സർക്കാരിനെതിരെ പോരാടാനുറച്ച് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കവെ കേന്ദ്ര സർക്കാരിനെതിരെ പോരാടാനുറച്ച് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിക്കാനുള്ള അവസരമായാണ് പാർലമെന്റ് സമ്മേളത്തെ കാണുന്നത്. കോവിഡ് വാക്‌സിൻ വിതരണത്തിലെ പോരായ്മകൾ, ഇന്ത്യ – ചൈന അതിർത്തിത്തർക്കം, ഇന്ധന വില വർധനവ്, റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദം, കർഷക പ്രതിഷേധം എന്നീ വിഷയങ്ങൾ കോൺഗ്രസ് പാർലമെന്റിൽ വിശദീകരണം തേടുമെന്നാണ് വിവരം. കേന്ദ്രത്തിനെതിരെയുള്ള വിമർശനങ്ങളിൽ പ്രതിപക്ഷ പാർട്ടികളെയെല്ലാം കോർത്തിണക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.

പാർലമെന്റിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോൺഗ്രസിന്റെ ലോക്സഭ, രാജ്യസഭ സമിതികൾ പുനസംഘടിപ്പിച്ചിട്ടുണ്ട്. ശശി തരൂർ, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് സമിതിയിലുള്ളത്. കേന്ദ്രത്തിനെതിരെ വിമർശനം കടുപ്പിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെയും നീക്കം. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങൾ തൃണമൂൽ നടത്തുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

ഇടതു പക്ഷവും കേന്ദ്രത്തിനെതിരെയുള്ള പടയൊരുക്കത്തിലാണ്. കേന്ദ്ര സഹകരണ മന്ത്രാലയത്തിനു രൂപം നൽകിയ മോദി സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇടതു കക്ഷികൾ. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള സഹകരണ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള മന്ത്രാലയ രൂപീകരണത്തെ പാർലമെന്റിൽ എതിർക്കുമെന്നും ഇതിനായി മറ്റു പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുമെന്നും സീതാറാം യച്ചൂരി അറിയിച്ചു. മന്ത്രാലയത്തിനെതിരെ പ്രതിഷേധമുയർത്താൻ കോൺഗ്രസും എൻസിപിയും രംഗത്തിറങ്ങും.