ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ ആഞ്ഞടിച്ച് എ വിജയരാഘവന്‍

ആലപ്പുഴ: മുസ്ലീം ലീഗിനും പി കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ ആഞ്ഞടിച്ച് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് വിജയരാഘവന്റെ പ്രതികരണം.

വിജയരാഘവന്റെ വാക്കുകള്‍ – കുഞ്ഞാലിക്കുട്ടിക്ക് ആഗ്രഹം പ്രകടിപ്പിക്കാം. എന്നാല്‍ അദ്ദേഹത്തിനുള്ള രാഷ്ട്രീയ താത്പര്യങ്ങള്‍ നോക്കേണ്ട കാര്യമില്ല. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അത് സമൂഹം നിരാകരിക്കും. മാറ്റങ്ങള്‍ വേണമെന്ന് കോടതിയാണ് ആവശ്യപ്പട്ടത്. ഇതിനുപിന്നാലെ സര്‍വകക്ഷി യോഗം ചേര്‍ന്നാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ തീരുമാനമെടുത്തത്. എല്ലാവരോടും ആലോചിച്ച് ജനാധിപത്യപരമായാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. ജനവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ശ്രമിക്കേണ്ടത്. സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കുന്ന രീതിയില്‍ ആരും പ്രതികരണം നടത്താന്‍ പാടില്ല. മുസ്ലീം ലീഗാണ് വ്യത്യസ്ത നിലപാടുകള്‍ എടുക്കുന്നത്. വിഷയം മറ്റൊരു രീതിയില്‍ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്.ലീഗ് ഇപ്പോള്‍ ഉന്നയിക്കുന്ന വാദത്തിന് പ്രസക്തിയില്ല. യു ഡി എഫാണ് ഭരണത്തിലെങ്കിലും ഇതേ നിലപാട് തന്നെ സ്വീകരിച്ചേനെ. ഇപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുന്ന എണ്ണത്തില്‍ കുറവ് വരില്ല. മുസ്ലിം ലീഗും യു ഡി എഫും അധികാരത്തിലിരുന്നതാണ്. അന്ന് ഈ സംവിധാനം തുടര്‍ന്നുപോയി. സമൂഹത്തിന്റെ പൊതുസാഹചര്യത്തിന് വിധേയമായായിരുന്നു അത്. ഇന്ന് സാഹചര്യം മാറി. കോടതി നിലപാടെടുത്തു. അത് പ്രകാരമാണ് സര്‍ക്കാര്‍ നിലപാടെടുക്കുന്നത്.