കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ ലഭ്യമാകും. കാറ്റലിസ്റ്റ് എന്റർടെയ്ൻമെന്റ് കൺസൾട്ടൻസിയുടെ catalystco.in വെബ്സൈറ്റിലൂടെയാണ് സേവനങ്ങൾ ലഭ്യമാകുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് വെബ്‌സൈറ്റ് പ്രകാശനം ചെയ്തത്.
പ്രോജക്ട് ഡിസൈനിങ്, മൂവി മാർക്കറ്റിങ്, സെലിബ്രിറ്റി മാനേജ്മെന്റ്, മീഡിയ പ്രൊമോഷൻ, കാസ്റ്റിങ് തുടങ്ങിയവ ഉൾപ്പെടെയുള്ള സേവനങ്ങൾ കാറ്റലിസ്റ്റിലൂടെ ലഭ്യമാകും. കലയ്ക്കും വിനോദ വ്യവസായത്തിനും ഇടയ്ക്ക് ഒരു പാലം എന്ന നിലയ്ക്കാണ് കാറ്റലിസ്റ്റ് എന്റർടെയ്ൻമെന്റ് കൺസൾട്ടൻസി പ്രവർത്തിക്കുന്നതെന്നാണ് കമ്പനി സിഎംഡി വിവേക് രാമദേവൻ വ്യക്തമാക്കിയിരുന്നത്. കലയും വിനോദ സഞ്ചാരവും ഒന്നിക്കുമ്പോഴാണ് എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രി പൂർണമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തുന്നുവെന്നതാണ് കാറ്റലിസ്റ്റിന്റെ സവിശേഷത. ബ്രാൻഡ് മാനേജ്മെന്റ്, അഡ്വർട്ടൈസിങ് എന്നീ മേഖലകളിൽ വിവേക് രാമദേവന് 20 വർഷത്തെ പരിചയസമ്പത്തുണ്ട്. നടീ-നടൻമാരുടെ കാസ്റ്റിങ്ങിലൂടെയാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് എത്തുന്നത്. പിന്നീട് കോണ്ടന്റ് സോഴ്സിങ്, ഫിലിം മാർക്കറ്റിങ്, പ്രോജക്ട് ഡിസൈനിങ് എന്നീ മേഖലകളിലേക്ക് കടന്നു.
തന്റേതായ ഒരു പാത വെട്ടിതെളിക്കാനുള്ള ആഗ്രഹമാണ് അദ്ദേഹത്തെ ഇത്തരമൊരു നേട്ടത്തിലേക്കെത്തിച്ചത്. സിനിമാ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. കലയുടെയും വ്യവസായത്തിന്റെയും സംയോജനമായ എന്റർടെയ്ൻമെന്റ് എന്ന മായാലോകത്തെക്കുറിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാറ്റലിസ്റ്റിലൂടെ കഴിഞ്ഞ 18 വർഷങ്ങളായി തനിക്ക് ഏറെ മനോഹര നിമിഷങ്ങൾ സമ്മാനിച്ചിട്ടുള്ള സിനിമാ വ്യവസായത്തിന് കൂടുതൽ സംഭാവന ചെയ്യാനും സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം സിനിമാ രംഗത്ത് ഫിലിം മാർക്കറ്റിങ് എന്ന ആശയത്തിന് തുടക്കംകുറിച്ചതും വിവേക് രാമദേവനാണ്.

