സിക്ക വൈറസ് പ്രതിരോധം: അവലോകനയോഗം ചേര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സിക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‌ദേശം നല്കി.സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരു വകുപ്പുകളുടേയും യോഗം വിളിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചിരിക്കുന്നത്. നിലവില്‍ 8 കേസുകളാണുള്ളത്. അതില് 3 പേര് ഗര്‍ഭിണികളാണ്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്.സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയുടെ ഭീഷണിയും നിലനില്ക്കുന്നു. അതിനാല്‍ ഇപ്പോഴേ ഫലപ്രദമായി പ്രതിരോധിക്കേണ്ടതാണ്. രോഗവ്യാപന സാധ്യതയുള്ള ഹോട്ട് സ്‌പോട്ടുകളുടെ വിവരം ഡിഎംഒമാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കുന്നതാണ്. അതനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാ പിന്തുണയും ആരോഗ്യ വകുപ്പ് നല്കുന്നതാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.തദ്ദേശസ്വയംഭരണ വകുപ്പ് നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരികയാണെന്ന് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

സിക്ക വൈറസ് ബാധിത പ്രദേശങ്ങളില്‍ കൊതുക് നശീകരണത്തിനും ഫോഗിംഗിനും പ്രാധാന്യം നല്കി വരുന്നു. ആരോഗ്യ വകുപ്പിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എല്ലാ പിന്തുണയും നല്കുന്നതായും മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.കുടുംബശ്രീ വഴിയും ബോധവത്ക്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര് ഡോ. വി.ആര്‍. രാജു, ഡി.എം.ഒ.മാര്‍, ഇരു വകുപ്പിലേയും ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.