തിരുവനന്തപുരം: വ്യവസായ നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കിറ്റക്‌സ് വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണിത്. കിറ്റെക്‌സിനെ ക്ഷണിക്കാന്‍ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി വരി നിന്നതോടെ കേരളത്തിന്റെ വ്യവസായ സൗഹൃദ ഇമേജിന് തന്നെ കോട്ടംതട്ടിയിരിക്കുകയാണ്.കൂടുതല്‍ വന്‍കിട പ്രോജക്ടുകള്‍ പ്രഖ്യാപിച്ച് വ്യാവസായികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുളള തന്ത്രം പിണറായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കിറ്റക്‌സ് വിവാദം ആളിക്കത്തിയത്.
സാബു ജേക്കബും ടീമും തുടങ്ങിവച്ച വിവാദങ്ങള്‍ വ്യവസായികള്‍ മുതല്‍ സാധാരണക്കാരെ വരെ ബാധിച്ചിട്ടുണ്ടെന്നാണ് സി പി എം നേതാക്കള്‍ തന്നെ അടക്കം പറയുന്നത്. ഇതോടെ സംരംഭകരെ നേരിട്ട് കേള്‍ക്കാനാണ് വ്യവസായ മന്ത്രി പി രാജീവ് നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഫിക്കി,സി ഐ ഐ, എം എസ് എം ഇ തുടങ്ങിയ സംരംഭക സ0ഘടനകളെ വ്യവസായ മന്ത്രി നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വ്യവസായ സംരംഭകര്‍ക്ക് നേരിട്ട് പരാതി അറിയിക്കാനും, ആവശ്യങ്ങള്‍ പറയാനും വ്യവസായ വകുപ്പ് അവസരമൊരുക്കുന്നത്.
മീറ്റ് ദി മിനിസ്റ്റര്‍ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. മുന്‍കൂറായി പരാതി ഓണ്‍ലൈനിലൂടെ നല്‍കിയവര്‍ക്ക് മന്ത്രിയെ നേരിട്ട് കാണാന്‍ അവസരമുണ്ടാകും. താഴെത്തട്ടിലുണ്ടാകുന്ന മെല്ലപ്പോക്കും, പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് കൂടിയാണ് ഓരോ ജില്ലക്കും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

