വളർത്തു മൃഗങ്ങൾക്കും കന്നുകാലികൾക്കും ലൈസൻസ് എടുക്കണം: ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

pets

കൊച്ചി: വളർത്തു മൃഗങ്ങൾക്കും കന്നുകാലികൾക്കും ലൈസൻസ് എടുക്കണം. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആറു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലൈസൻസ് എടുക്കണമെന്ന് വ്യക്തമാക്കി പഞ്ചായത്തുകളും നഗരസഭകളും ഉടൻ നോട്ടീസിറക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിർദേശം നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

തിരുവനന്തപുരം അടിമലത്തുറ ബീച്ചിൽ ബ്രൂണോ എന്ന വളർത്തുനായയെ അടിച്ചു കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. സംസ്ഥാനത്തെ മൃഗക്ഷേമ ബോർഡ് പുനഃസംഘടിപ്പിക്കുമ്പോൾ ജംബോ സമിതി വേണ്ടെന്നും കോടതി നിർദ്ദേശിക്കുന്നു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.