സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ല; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും കോടതി പറഞ്ഞു.

വസ്ത്ര വിൽപ്പനശാലകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്ന് കോടതി വിമർശിച്ചു. ജനങ്ങൾ മാസ്‌ക് ധരിക്കുന്നുവെന്നത് മാത്രമാണ് ആകെ പാലിക്കപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു.

വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹർജിയിൽ അടുത്ത വ്യാഴാഴ്ചക്കകം നിലപാടറിയിക്കണമെന്നാണ് കോടതി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം.