തിരുവനന്തപുരം : സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. വിഐപി വാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും സെക്രട്ടേറിയറ്റ് വാഹനപാസ് പതിച്ചിട്ടുള്ള ജീവനക്കാരുടെ വാഹനങ്ങളും കന്റോണ്‍മെന്റ് ഗേറ്റ് വഴി അകത്തേക്കും പുറത്തേക്കും പോകണം. ഇരുചക്ര വാഹനങ്ങള്‍ക്ക് കന്റീന്‍ ഗേറ്റു വഴി അകത്തേക്കു പ്രവേശിക്കാം. കൂടാതെ, 2021 സെപ്റ്റംബര്‍ 30ന് മുന്‍പായി എല്ലാ ജീവനക്കാരും വാഹനങ്ങളില്‍ സെക്രട്ടേറിയറ്റ് പാസ് പതിപ്പിക്കണം.
കാല്‍നടയായി വരുന്ന യാത്രക്കാര്‍ കന്റോണ്‍മെന്റ് വിഎഫ്സിയും കന്റോണ്‍മെന്റ് ഗേറ്റിനോട് ചേര്‍ന്ന ചെറിയ ഗേറ്റും ഉപയോഗിക്കണം. വാഹനങ്ങളുടെ പുറത്തേക്കു മാത്രമുള്ള സഞ്ചാരവും ഇരുചക്ര വാഹനങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരവും ജീവനക്കാരുടെയും സന്ദര്‍ശകരുടെയും അകത്തേക്കും പുറത്തേക്കുമുള്ള കാല്‍നട സഞ്ചാരവും കാന്റീന് ഗേറ്റ് (വൈഎംസിഎ) വഴിയാകും.
എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. മന്ത്രിമാരുടെയും വകുപ്പ് തലവന്മാരുടെയും ഓഫിസുകളിലേക്കുള്ള സന്ദര്‍ശകരെ രേഖകള്‍ പരിശോധിച്ചശേഷമോ ഉദ്യോഗസ്ഥരുടെ ശുപാര്ശയിലൂടെയോ മാത്രമെ പാസ് അനുവദിക്കാവൂ എന്നും പൊതുഭരണ സെക്രട്ടറി നിര്‍ദേശിച്ചു.

