തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന് വധഭീഷണി. എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിയ്ക്ക് വധഭീഷണി ലഭിച്ചിരിക്കുന്നത്. മന്ത്രിയുടെ ഓഫീസിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്ന് കെ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാർ പാവങ്ങൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തിയത്. എസ്‌സി-എസ്ടി വകുപ്പിലെ ഫണ്ടുകൾ തട്ടിയെടുത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷണ സംഘം ഇന്ന് ഡൽഹിയിലേക്ക് പോകും. രാഹുലിന്റെ ലാപ്ടോപ്പ്, ഐ ഫോൺ എന്നിവ കണ്ടെത്താനും തെളിവെടുപ്പ് നടത്താനുമാണ് പോലീസ് ഡൽഹിയിലേക്ക് പോകുന്നത്. സാമ്പത്തിക ഇടപാടുകളുടെ നിർണായക വിവരങ്ങൾ ലാപ്ടോപ്പ് പരിശോധിക്കുന്നതോടെ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

