തമിഴ്‌നാടിനെ വിഭജിക്കാൻ കേന്ദ്ര സർക്കാരിന് ഉദ്ദേശ്യമില്ല; പ്രതികരണവുമായി ബിജെപി

bjp

ചെന്നൈ: തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാൻ നീക്കം നടക്കുന്നതായുള്ള വാർത്തകളിൽ പ്രതികരണവുമായി ബി.ജെ.പി. തമിഴ്‌നാടിനെ വിഭജിക്കാൻ കേന്ദ്ര സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് ബി.ജെ.പി ഹൈക്കമാന്റ് വ്യക്തമാക്കിയതായാണ് ദേശീയ മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ നിരവധി ബി.ജെ.പി നേതാക്കളും പാർട്ടി അംഗങ്ങളും കൊങ്കുനാട് സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പരമാർശിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെന്ന കാര്യം ദേശീയ മാദ്ധ്യമമായ ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

ബി.ജെ.പിയുടെ സഖ്യകക്ഷിയായ അഖിലേന്ത്യാ ദ്രാവിഡ മുന്നേറ്റ കഴഗം കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കണമെന്ന ആവശ്യത്തിനെതിരാണ്. എ.ഐ.എ.ഡി.എം.കെയുടെ ശക്തി കേന്ദ്രമാണ് കൊങ്കുനാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയിൽ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി. സഖ്യം 50 നിയമസഭാ സീറ്റുകളിൽ 33 എണ്ണവും നേടിയിരുന്നു. ധരപുരം, തിരുചെങ്കോട്, ഈറോഡ്, പളനി, നാമക്കൽ, സേലം, ധർമ്മപുരി, നീലഗിരി, അവിനാശി, സത്യമംഗലം, കരൂർ, പൊള്ളാച്ചി, കോയമ്പത്തൂർ, ഉഡുമലൈപേട്ട് തുടങ്ങിയ ജില്ലകളാണ് കൊങ്കുനാട് മേഖലയിൽ ഉൾപ്പെടുന്നത്.