കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി; സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പി ജെ ജോസഫ്

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി. നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും ചേരിതിരിവുമാണ് പൊട്ടിത്തെറിയിലെത്തിയത്. പി ജെ ജോസഫ് വിഷയത്തിൽ ഇടപെട്ടതോടെയാണ് പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരമായത്. അതൃപ്തി പരിഹരിക്കാൻ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പാർട്ടി ചെയർമാൻ പി ജെ ജോസഫ് അറിയിച്ചു. വാർഡ് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കുമെന്നാണ് പി.ജെ. ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്.

പാർട്ടിക്കുള്ളിൽ നേതാക്കൾ തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾക്ക് പരിഹാരമായെന്ന് പി ജെ ജോസഫ് പറഞ്ഞു. നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി താത്ക്കാലികമാണെന്നും പാർട്ടി നിർദേശിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കുമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.

മോൻസ് ജോസഫിനും ജോയ് എബ്രഹാമിനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നൽകിയതിനെതിരെ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ഫ്രാൻസിസ് ജോർജ് ഇക്കാര്യത്തിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.