രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല: മക്കൾ മൺട്രം പിരിച്ചുവിട്ടു

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവർത്തിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. രജനി മക്കൾ മൺട്രം പിരിച്ചുവിട്ടു. രാഷ്ട്രീയ കൂട്ടായ്മയിൽ നിന്നും മാറി, ആരാധക കൂട്ടായ്മയായി തുടരാനാണ് രജനികാന്ത് നൽകിയിരിക്കുന്ന നിർദ്ദേശം. ചെന്നൈയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം സംബന്ധിച്ച നിർദ്ദേശം നൽകിയത്.

മൺട്രത്തിലെ പലരും മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറിയ പശ്ചാത്തലത്തിലാണ് രജനി മക്കൾ മൺട്രം പിരിച്ചുവിടാൻ തീരുമാനിച്ചത്. രാഷ്ട്രീയ കൂട്ടായ്മയെന്ന നിലയിൽ ഇനി മുതൽ പ്രവർത്തനങ്ങൾ നടത്തരുതെന്നും ആരാധക കൂട്ടായ്മയായി തുടരാനും രജനി നിർദ്ദേശം നൽകി.

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് രജനികാന്ത് നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പിന്നീട് തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. ആരോഗ്യനില മോശമായത് ദൈവത്തിന്റെ മുന്നറിയിപ്പായാണ് കരുതുന്നതെന്നും തന്നെ വിശ്വസിച്ച് ഇറങ്ങുന്നവരെ ബലിയാടുകളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറിയ വേളയിൽ രജനികാന്ത് വ്യക്തമാക്കിയിരുന്നത്. പിന്നീട് വലിയ ആരാധക പ്രതിഷേധത്തിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്.