ഒരു മാസം മുന്‍പ് ലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഒരു വീഡിയോയിലെ സുന്ദരിയെ കണ്ടെത്തിയിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. മനോഹരമായ പുഞ്ചിരിയോടെ റൊട്ടി പരത്തുന്ന പെണ്‍കുട്ടിയായിരുന്നു വീഡിയോയില്‍. ആ കുട്ടിയുടെ നിഷ്‌കളങ്കമായ ചിരി പെട്ടെന്ന് തന്നെ വൈറലാവുകയും, ആ പെണ്‍കുട്ടി ഒറ്റരാത്രികൊണ്ട് ഒരു സെലിബ്രിറ്റിയായി തീരുകയും ചെയ്യുകയായിരുന്നു. പാകിസ്ഥാന്‍ സ്വദേശി 15 -കാരിയായ ആമിന റയാസാണ് ഈ പെണ്‍കുട്ടി. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള അവള്‍ നാടോടികളുടെ കുടുംബത്തിലാണ് ജനിച്ചത്. അവളുടെ വീടിനടുത്തുളള ഒരു കൗമാരക്കാരനാണ് അവളുടെ ഈ വീഡിയോകള്‍ ഓണ്‍ലൈനില്‍ പങ്കിട്ടത്.വീഡിയോ വൈറലായതോടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ അവളെയും കുടുംബത്തെയും അഭിമുഖം ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും, കുടുംബം അതിന് വഴങ്ങിയില്ല. അതേസമയം അവളുടെ വീഡിയോ ജനശ്രദ്ധ പിടിച്ചുപറ്റിയതിനെ തുടര്‍ന്ന് അവള്‍ക്കായി ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിക്കുകയുണ്ടായി. അതില്‍ അവള്‍ പച്ചക്കറി അരിയുന്നതിന്റെയും, പാചകം ചെയ്യുന്നതിന്റെയും, മറ്റ് വീട്ടുജോലികള്‍ ചെയ്യുന്നതിന്റെയുമൊക്കെ വീഡിയോകള്‍ കാണാം.
2021-07-12

