കൊച്ചി: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം അല്ലെന്നു പ്രചരിപ്പിക്കുന്നത് യുവാക്കളോട് ചെയ്യുന്ന ദ്രോഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ട്വന്റി ട്വന്റി എറണാകുളം ജില്ലയില്‍ ഇല്ലായിരുന്നെങ്കില്‍ നാണംകെട്ട തോല്‍വി ഉണ്ടാകുമായിരുന്നെന്ന സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന സിപിഎമ്മും ട്വന്റി ട്വന്റിയും തമ്മില്‍ തെരഞ്ഞെടുപ്പ് കാലത്ത് ധാരണ ഉണ്ടായിരുന്നെന്ന യു.ഡി.എഫ് ആരോപണം ശരിവയ്ക്കുന്നതാണ്.
കിറ്റെക്‌സ് ഉള്‍പ്പെടെ ഒരു വ്യവസായവും കേരളം വിട്ടു പോകരുതെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. യു.ഡി.എഫ് ഭരണകാലത്തുണ്ടായ ചില പരാതികള്‍ പരിഹരിക്കാന്‍ മന്ത്രി കെ ബാബുവിനെ ചുമതലപ്പെടുത്തിയിരുന്നു. പരാതി വന്നാല്‍ പരിശോധന നടത്തണം. പരിശോധന പീഡനമാകരുത്. പീഡനമാക്കിയത് ആര്‍ക്കു വേണ്ടിയാണെന്നു പറയേണ്ടത് സര്‍ക്കാരാണ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം ആകണമെന്നതു തന്നെയാണ് പ്രതിപക്ഷ നിലപാടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

