മുസ്ലീം സ്ത്രീകളെ വിൽക്കാനുണ്ടെന്ന് പരസ്യം; സുള്ളി ഡീൽസിനെതിരെ പോലീസ് കേസെടുത്തു

ന്യൂഡൽഹി: സുള്ളി ഡീൽസ് ആപ്പിനെതിരെ നടപടി. മുസ്ലീം സ്ത്രീകളെ വിൽക്കാനുണ്ടെന്ന പരസ്യം വിവാദമായതിനെ തുടർന്നാണ് സുള്ളി ഡീൽസിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിന് ഐപിസി 354 എ വകുപ്പ് പ്രകാരം സുള്ളി ഡീൽസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ് നീക്കം ചെയ്യുകയും ചെയ്തു.

ഇന്ത്യയിലെ ഡസൻ കണക്കിന് മുസ്ലീം സ്ത്രീകളെ ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ചതായുള്ള സുള്ളി ഡീൽസ് ആപ്പ് പരസ്യം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്രത്യക്ഷപ്പെടുന്നത്. സുള്ളി ഡീൽസ് എന്ന വെബ്സൈറ്റിൽ ഇന്നത്തെ ഡീൽ’ എന്ന അടിക്കുറിപ്പോടെ ചില പ്രൊഫൈലുകളിൽ നിന്ന് മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.

മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ അവരറിയാതെ ശേഖരിച്ച് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം വനിതാ ആക്ടിവിസ്റ്റുകൾ, ജേർണലിസ്റ്റുകൾ, വിദ്യാർത്ഥിനികൾ തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് ആപ്പ് പ്രവർത്തിച്ചിരുന്നത്. ആപ്ലിക്കേഷനെതിരെ നിരവധി പേർ രംഗത്തെത്തിയതോടെയാണ് സുള്ളി ഡീൽസ് ആപ്പ് നിർമ്മാതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്.

മുസ്ലിം സ്ത്രീകളെ മാത്രം തിരഞ്ഞുപിടിച്ച് അവഹേളിക്കുന്ന രീതിയിലുള്ള ആപ്പ് നിർമ്മിച്ചതിനു പിന്നിൽ വൻ ശക്തികളാണെന്നാണ് ഉയരുന്ന ആരോപണം.