84 മെഗാവാട്ടിന്റെ പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ എംപാനൽമെന്റ് കരാർ ടാറ്റ പവറിന് നൽകി കെഎസ്ഇബി; പദ്ധതി ചെലവ് നാനൂറ് കോടി രൂപ

കൊച്ചി: 84 മെഗാവാട്ടിന്റെ പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ എംപാനൽമെന്റ് കരാർ ടാറ്റ പവറിന് നൽകി കെഎസ്ഇബി. ആഭ്യന്തര ഉപയോക്താക്കൾക്കായി നടപ്പാക്കുന്ന നാനൂറ് കോടി രൂപ മതിപ്പു വരുന്ന 84 മെഗാവാട്ടിന്റെ പദ്ധതിയുടെ കരാറാണ് കെഎസ്ഇബി ടാറ്റാ പവറിന് നൽകിയത്.

കെഎസ്ഇബിയുമായി ചേർന്ന് വ്യക്തിഗത വീടുകൾക്കായി ടാറ്റാ പവർ 84 മെഗാവാട്ട് പദ്ധതി നടപ്പാക്കും. മൂന്ന് മുതൽ 10 കിലോവാട്ട് വരെ കപ്പാസിറ്റിയുള്ള സോളാർ പദ്ധതികളാവും ഇത്. റസിഡൽഷ്യൽ, ഹൗസിംഗ് സൊസൈറ്റികൾക്കായി, 11 മുതൽ 100 കിലോവാട്ട് വരെ കപ്പാസിറ്റിയുള്ള സോളാർ പദ്ധതികളിൽ നിന്ന് 20 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയും നടപ്പാക്കും.

കേന്ദ്ര ന്യൂ & റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ രണ്ടാം ഘട്ട സബ്സിഡി സൗര സബ്സിഡി സ്‌കീം ഇൻ ഡൊമസ്റ്റിക് സെക്ടർ അനുസരിച്ചാണ് കമ്പനി കരാർ സ്വന്തമാക്കിയത്. വ്യക്തിഗത വീട്ടുടമകളിൽനിന്ന് ഓർഡർ ലഭിച്ചുകഴിഞ്ഞാൽ മൂന്നു മാസത്തിനകം പദ്ധതി കമ്മീഷൻ ചെയ്യണം. 110 മെഗാവാട്ട് പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കാൻ കമ്പനിയ്ക്ക് ജനുവരി ആറിന് കെഎസ്ഇബിയിൽ നിന്നും അനുമതിപത്രം ലഭിച്ചത്. 274 എംയു ഊർജ്ജമാണ് ഓരോ വർഷവും ഈ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്.

84 മെഗാവാട്ട് പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കുമ്പോൾ ഓരോ വർഷവും 120 എംയു ഊർജ്ജമാണ് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. പ്രതിവർഷം ഏതാണ്ട് 100 ദശലക്ഷം കിലോഗ്രാം കാർബൺ ഡയോക്സൈഡ് ഒഴിവാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പുരപ്പുറ സൗരോർജ്ജ പദ്ധതി സ്വന്തമാക്കിയതിൽ സന്തോഷമുണ്ടെന്ന് ടാറ്റ പവർ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. പ്രവീർ സിൻഹ അറിയിച്ചു. പുരപ്പുറ സൗരോർജ്ജ ഉത്പാദനത്തിലൂടെ ഇന്ത്യയെ ക്ലീൻ പവർ രംഗത്തേയ്ക്ക് നയിക്കുന്നതിലുള്ള ടാറ്റ പവറിന്റെ പ്രതിബദ്ധതയിലുള്ള കെഎസ്ഇബിയുടെ വിശ്വാസ്യതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.