തിരുവനന്തപുരം: സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ ആറംഗ സംഘത്തെ കേരളത്തിലേക്ക് അയച്ച് കേന്ദ്രം. കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്ര സർക്കാർ ഉറപ്പു നൽകി. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും രോഗപ്രതിരോധത്തിനായി സഹായം നൽകുന്നതിന് വേണ്ടിയുമാണ് കേന്ദ്ര സംഘം എത്തുന്നത്.
സംസ്ഥാനത്ത് 15 പേർക്കാണ് ഇതുവരെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊതുകു വഴി പടരുന്ന രോഗമായതിനാൽ കൂടുതൽ പേരിലേക്ക് വൈറസ് ബാധയുണ്ടാകാമെന്നാണ് ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നത്. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കാണ് സിക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 വയസ്സുകാരി ഗർഭിണിയ്ക്കാണ് സംസ്ഥാനത്ത് ആദ്യമായി സിക്കാ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്.
ജൂൺ 28 -ാം തീയതിയാണ് യുവതി പനി, തലവേദന, ചുവന്ന പാടുകൾ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ആശുപത്രി അധികൃതർ നടത്തിയ ആദ്യ പരിശോധനയിൽ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങൾ പ്രകടമായി. തുടർന്ന് സിക്ക വൈറസ് ആണോയെന്നറിയാൻ എൻ.ഐ.വി. പൂനയിലേക്ക് സാമ്പിളുകൾ അയക്കുകയായിരുന്നു.
പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ കാണാറില്ല. സിക്ക ബാധിച്ച മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും അപൂർവമാണ്.
ഗർഭിണികളെയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് വരെ കാരണമാകും. ഗർഭകാലത്തുള്ള സങ്കീർണതയ്ക്കും ഗർഭഛിത്രത്തിനും വരെ ഇത് ഇടയാക്കിയേക്കാം. കുട്ടികളിലും മുതിർന്നവരിലും സിക്ക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശങ്ങളും ഉണ്ടാകാനിടയുണ്ട്. സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് നിലവിൽ ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്.