കൊച്ചി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഐഷാ സുൽത്താനയെ ചോദ്യം ചെയ്തത്. കൊച്ചി കാക്കനാടുള്ള ഐഷയുടെ ഫ്‌ളാറ്റിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ.
രണ്ടു മണിക്കൂറോളം നേരം ഐഷയെ പോലീസ് ചോദ്യം ചെയ്തു. പിന്നീട് ഇവരുടെ ലാപ്‌ടോപും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം പോലീസ് പിടിച്ചെടുത്തത് തന്റെ സഹോദരന്റെ ലാപ്‌ടോപ് ആണെന്നാണ് ഐഷാ സുൽത്താന പറയുന്നത്. ഐഷയുടെ ബാങ്ക് ഇടപാട് രേഖകളും പോലീസ് പരിശോധിച്ചു.
പോലീസിൻറെ നടപടി മറ്റ് ചിലരുടെ അജണ്ടയുടെ ഭാഗമാണെന്നാണ് ഐഷാ സുൽത്താനയുടെ ആരോപണം. നേരത്തെ ഇവരുടെ അമ്മയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഐഷയെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്.
വ്യാഴാഴ്ച്ച രാവിലെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കൊച്ചിയിലെത്തിയത്. മുൻകൂട്ടി അറിയിക്കാതെയാണ് പൊലീസ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് ഐഷാ സുൽത്താന വ്യക്തമാക്കി. പൊലീസിന്റെ ഇത്തരത്തിലുള്ള നടപടികൾ തനിക്കും കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും ഐഷ വിശദമാക്കി.
ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോവെപ്പൺ പരാമർശത്തെ തുടർന്നാണ് ഐഷാ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ലക്ഷദ്വീപ് ബിജെപി അദ്ധ്യക്ഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേസുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിൽ വെച്ച് നേരത്തെ രണ്ടു തവണ ഐഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

