ഒരു വ്യക്തി ചെയ്ത തെറ്റിന് ഒരു സംഘടനയെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ഒരു വ്യക്തി ചെയ്യുന്ന തെറ്റുകള്‍ക്ക് അയാള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയെ പഴി ചാരുന്നത് ശരിയല്ലെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് പണ്ഡിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വാളയാര്‍ മുറിവ് ഉണങ്ങും മുമ്പേ ഇടുക്കി ജില്ലയിലെ വണ്ടി പെരിയാര്‍ എന്ന സ്ഥലത്തെ 6 വയസ്സുകാരിയുടെ ക്രൂരമായ കൊലപാതകം വളരെ വേദനിപ്പിക്കുന്നതാണ്. പ്രതിയെന്നു സംശയിക്കുന്ന അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റും ചെയ്തു. ഇതിനു മുമ്പ് സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപെട്ടു അര്‍ജുന്‍ എന്ന യുവാവിനേ അറസ്റ്റ് ചെയ്തിരുന്നല്ലോ. പക്ഷെ ഈ രണ്ടു സംഭവത്തിലും പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആയിപോയി എന്ന കാരണത്താല്‍ ആ പ്രസ്ഥാനത്തെ അനാവശ്യമായി കരിവാരി തേക്കുന്ന രീതിയില്‍ കുറെ പോസ്റ്റ്, കമന്റ് കാണുകയുണ്ടായി. അത് ശരിയല്ല. ഒരു വ്യക്തി ചെയ്ത തെറ്റിന് ഒരു സംഘടനയെ വിമര്‍ശിക്കുന്നത് ശരിയല്ല. എന്ത് തെറ്റ് ചെയ്യുമ്പോഴും ഇരയുടെയും, പ്രതിയുടെയും മതം , വിശ്വസിക്കുന്ന പാര്‍ട്ടി ഇതൊക്കെ നോക്കി മാത്രം കമന്റ്‌സിലൂടെ തമ്മിലടിക്കുന്ന പ്രവണത കേരളത്തില്‍ കൂടി വരുന്നു. ഇത് ശരിയല്ല. പകരം പ്രതികള്‍ ചെയ്ത തെറ്റിനെ മാത്രം എതിര്‍ക്കുക. ഇവനെപോലെയുള്ളവന്മാര്‍ക്ക് നല്ല ശിക്ഷ കിട്ടുവാന്‍ പ്രാര്‍ത്ഥിക്കുക.
മുമ്പ് കത്വവയിലും ഉന്നാവയിലും പിഞ്ചു കുട്ടികളെ പീഡിപ്പിച്ച് കൊലപെടുത്തിയ സമയത്തും കേരളത്തില്‍ പലരും ഇതുപോലെ രാഷ്ട്രീയം നോക്കി മാത്രമായി അഭിപ്രായം പറഞ്ഞിരുന്നു. ഇതൊന്നും ശരിയല്ല. ഒരു വ്യക്തി ചെയ്ത തെറ്റിന് അവര്‍ വിശ്വസിക്കുന്ന പാര്‍ട്ടിയെയോ , സംഘടനയെയോ വിമര്‍ശിക്കുന്നത് ശരിയല്ല. (വാല്‍കഷ്ണം …..എല്ലാ മതത്തിലും എല്ലാ പാര്‍ട്ടിയിലും ഉണ്ടാവും ഇങ്ങനത്തെ കുറെ ക്രിമിനല്‍ സ്വഭാവം ഉള്ള മനുഷ്യര്‍ ..അവരെ ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടേണ്ടതിന് പകരം പ്രതികളുടെ പാര്‍ട്ടിയും മതവും ചികഞ്ഞു പോവുന്ന രീതിയോട് പുച്ഛം മാത്രം .) ക്രൂരമായി കൊലചെയ്യപ്പെട്ട വണ്ടി പെരിയാറിലെ കുട്ടിക്ക് പ്രണാമം. യഥാര്‍ത്ഥ പ്രതികള്‍ക്ക് അവര്‍ അര്‍ഹിച്ച ശിക്ഷ ബഹുമാനപെട്ട കോടതി നല്‍കും എന്ന് വിശ്വസിക്കുന്നു.