കോവിഡ് ഫലം കാത്ത് ഇന്ത്യ-ശ്രീലങ്ക ടീമുകള്‍

ശ്രീലങ്കന്‍ പര്യടനത്തില്‍ പ്രതിസന്ധികളൊഴിയാതെ ഇന്ത്യന്‍ടീം. തുടക്കത്തില്‍ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് താരങ്ങളുടെ പ്രതിഷേധം ശ്രീലങ്കന്‍ ക്രിക്കറ്റിനെ ഈയിടെ പിടിച്ചു കുലുക്കിയിരുന്നു.ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ക്ക് യാത്രയാകുന്നതിന് മുമ്പ് പുതിയ കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് താരങ്ങള്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. വാര്‍ഷിക കരാര്‍ പുതുക്കാതെ ഒരു താത്കാലിക കരാര്‍ പ്രകാരമാണ് ഇംഗ്ലണ്ട് പര്യടനത്തിനായി ശ്രീലങ്കന്‍ ടീമംഗങ്ങള്‍ യാത്രയായത്.കരാറില്‍ ഒപ്പിടാത്തവരെ ടീമില്‍ നിന്ന് പുറത്താക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് നിലപാട് എടുത്തതിന് പിന്നാലെ ഇരുപത്തിയഞ്ചോളം കളിക്കാര്‍ ടീമുമായി പുതിയ കരാര്‍ ഒപ്പു വെച്ചതായാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍, ഇംഗ്ലണ്ട് പരമ്പരക്ക് ശേഷമെത്തിയ ശ്രീലങ്കന്‍ താരങ്ങളുടെ കോവിഡ് ഫലത്തിനായുള്ള കാത്തിരിപ്പിലാണ് ഇരു ക്രിക്കറ്റ് ബോര്‍ഡും.
ഇതിന് ശേഷമാവും മത്സരങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച തീരുമാനമാവുക. ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമായുണ്ടായിരുന്ന ഏഴ് പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ശ്രീലങ്കന്‍ താരങ്ങളും കോവിഡ് ആശങ്കയിലായത്. പരിശോധനയില്‍ ഏതെങ്കിലും താരത്തിന് കോവിഡ് പോസിറ്റീവായല്‍ മത്സരങ്ങള്‍ റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യേണ്ടി വരും.