റദ്ദാക്കിയ ഐടിനിയമമുപയോഗിച്ച് കേസുകള്‍, വിമര്‍ശനവുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സുപ്രിംകോടതി. ഐടി നിയമത്തിലെ റദ്ദാക്കിയ വകുപ്പുകളുടെ പേരിലും രാജ്യത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ വിമര്‍ശനം. ഐടി നിയമത്തിലെ വിവാദമായ 66എ വകുപ്പ് ഉപയോഗിച്ച് ആയിരത്തോളം കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇത് ഞെട്ടലുണ്ടാക്കുന്നതാണെന്നുമാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ആര്‍ നരിമാന്‍, കെഎം ജോസഫ്, ബിആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.

അതേസമയം, കുറ്റകരമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നിയമത്തില്‍ വ്യക്തമാകാത്ത സാഹചര്യത്തില്‍ നിയമത്തിനെതിരെ കടുത്ത ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. ഇതിനേ തുടര്‍ന്ന് ഏഴ് വര്‍ഷം മുന്‍പ് നിയമം റദ്ദാക്കുകയും ചെയ്തു.പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സന്നദ്ധ സംഘടനയാണ് വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ വകുപ്പ് ഉപയോഗിച്ച് കേസെടുക്കരുതെന്ന് എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നും കോടതി സര്‍ക്കാരിനോടു ആവശ്യപ്പെട്ടു.