തിരുവനന്തപുരം: കർഷകരെ സഹായിക്കാൻ വേണ്ടിയാണ് മരംമുറിക്കുന്നതിനായി സർക്കാർ ഉത്തരവിറക്കിയതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് നല്ല ഉദ്ദേശത്തോടെയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തരവ് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തുവെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഒരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മരംമുറി ഉത്തരവുമായി സർക്കാരിനെതിരെ വിമർശനങ്ങൾ ശക്തമാകുകയാണ്. ഉത്തരവിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുറിച്ചു മാറ്റിയത്. 2020 ഒക്ടോബറിൽ റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറി മരംമുറിക്കാൻ അനുവാദം നൽകുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിറക്കുന്നതിന് മുൻപ് നിരവധി തവണ വനം-റവന്യൂ വകുപ്പ് മന്ത്രിമാർ പങ്കെടുത്ത യോഗങ്ങൾ പലതവണ ചേർന്നിരുന്നു.
1964 ലെ ഭൂമി പതിവ് ചട്ടം മറികടന്ന് ഉത്തരവിറക്കുന്നതിലെ നിയമ പ്രശ്നം വനംവകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ പലതവണ ഉന്നയിച്ചതായി ഫയലിലുണ്ട്. എന്നാൽ ചന്ദ്രശേഖരൻ മരംമുറിക്ക് അനുവാദം നൽകാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറിപ്പ് നൽകുകയായിരുന്നു. മരംമുറി തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിര നടപടി വേണമെന്ന ഭാഗം ഉത്തരവിൽ ചേർക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നാണ് വിവരം.

