മുംബൈ: ശിവസേനയും ബിജെപിയും ശത്രുക്കളല്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപിയും ശിവസേനയും വീണ്ടും കൈകോർക്കാൻ സാധ്യതയുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇരു പാർട്ടികളും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അത് എക്കാലത്തെയും ശത്രുതയല്ലെന്നും സാഹചര്യം അനുസരിച്ച് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
2019-ൽ ബിജെപിക്കൊപ്പമാണ് ശിവസേന മത്സരിച്ചത്. പിന്നീട് ശിവസേന എതിരാളികളുമായി കൈകോർക്കുകയായിരുന്നുവെന്നും ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു. ഹൈക്കോടതി നിർദേശപ്രകാരമാണ് മഹാരാഷ്ട്രയിലെ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തിടെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ശിവസേനയും ബിജെപിയുമായി വീണ്ടും യോജിക്കാൻ സാധ്യതയുണ്ടെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് ബിജെപി നേതാവും മുൻ മന്ത്രിയുമായ ആശിഷ് ഷേലാറിനെ സന്ദർശിച്ചു ചർച്ച നടത്തിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

