പരസ്യസംവാദത്തിന് എ.എ റഹീം തയ്യാറല്ലെന്ന് മാത്യുകുഴല്‍നാടന്‍ എം.എല്‍.എ

തിരുവനന്തപുരം : പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിട്ടും ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീം ഒഴിഞ്ഞുമാറുകയാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഫേസ്ബുക്കില്‍ പങ്ക് വച്ച് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

എന്താ റഹീം ഇങ്ങനെ?
വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ സംവാദങ്ങള്‍ എന്ന് പറഞ്ഞത് ഞാനല്ല, ശ്രീ നാരായണ ഗുരുവാണ്.
അങ്ങ് എനിക്കെതിരെ ഒരാരോപണം ഉന്നയിച്ചു. അത് സത്യവിരുദ്ധമാണ് എന്ന് ഞാനും, ശരി എന്ന് താങ്കളും പറയുന്നു. അങ്ങയുടെ ഭാഗം ന്യായീകരിച്ചു ഡിവൈഎഫ്‌ഐക്കാരും എന്നെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസുകാരും വിഷയം ഏറ്റെടുത്തിരിക്കുകയാണല്ലോ. അതുകൊണ്ട് തന്നെ ഇത് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും തമ്മിലുള്ള സംവാദമായി കാണുന്നവരും ഉണ്ട്.
അപ്പോള്‍ ആര് പറയുന്നതാണ് സത്യം എന്ന് വിലയിരുത്താന്‍ പൊതുജനത്തിന് ഒരവസരം എന്ന നിലയ്ക്കാണ് സംവാദത്തിന് ക്ഷണിച്ചത്. അല്ലാതെ അവിടെ മാര്‍ക്കിട്ടു വിജയിയെ പ്രഖ്യാപിക്കാന്‍ ഇത് കാവിലെ പാട്ടു മത്സരമല്ലല്ലോ.
സംവാദം നടക്കുമെങ്കില്‍ ഏറ്റെടുക്കാന്‍ മാധ്യമങ്ങള്‍ മുന്നോട്ട് വന്നതാണ് എന്ന് അങ്ങേക്കറിയാമല്ലോ. ഞാന്‍ സമ്മതം അറിയിച്ചതാണ്. എന്നാല്‍ അങ്ങ് തയാറല്ല എന്നതുകൊണ്ട് നടക്കില്ല എന്നാണ് അവര്‍ അറിയിച്ചത്. ഇനി നാളെ അങ്ങ് തയാറാകും എന്ന പ്രതീക്ഷയും എനിക്കില്ല.
എന്നെ വിചാരണ ചെയ്യാന്‍ അങ്ങേയ്ക്ക് തന്നെ അവസരം തന്നിട്ട് അതുപയോഗപ്പെടുത്താതെ പാവം ഡിവൈഎഫ്‌ഐക്കാരെ കൊണ്ട് തെരുവില്‍ വിചാരണ ചെയ്യിക്കുന്നത് മാന്യത ആണോ എന്ന് അങ്ങ് തന്നെ തീരുമാനിക്കുക. എന്താണെങ്കിലും ഞാന്‍ നാളെ തലസ്ഥാനത്തുണ്ടാകും.
വന്നാല്‍ കാണാം. വണക്കം.