ന്യൂഡൽഹി: കോവിഷീൽഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചതിൽ ഡെൽറ്റാ വേരിയന്റ് രോഗബാധിതരിൽ 16.1 ശതമാനം പേർക്ക് ശരീരത്തിൽ ആന്റിബോഡികൾ ഉണ്ടായില്ലെന്ന് പഠനം. ഐസിഎംആറിലെ വിദഗ്ദ്ധർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഒറ്റ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ കാര്യം ഇതിലും ഗുരുതരമാണ് സ്ഥിതിയെന്നും ഗവേഷകർ പറയുന്നു. ഇവരിൽ ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ച 58.1 ശതമാനം പേർക്കും ആന്റിബോഡികളില്ല. കൊവിഷീൽഡിന് ആദ്യ ഘട്ട കോവിഡിന് കാരണമായ ബി1 വൈറസിന് എതിരെയുളളതിനെക്കാൾ 78 ശതമാനം ഫലപ്രാപ്തി ഡെൽറ്റാ വൈറസിനോട് കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്.
അതേസമയം ആന്റിബോഡികൾ കണ്ടെത്തിയില്ല എന്നതിനാൽ ശരീരത്തിൽ ആന്റിബോഡികളില്ല എന്നല്ല അർത്ഥമെന്നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗം തലവൻ ഡോ. ടി ജേക്കബ് ജോൺ വ്യക്തമാക്കുന്നത്. ആന്റിബോഡികൾ കണ്ടെത്തിയില്ലെങ്കിലും രോഗബാധിതനായ ആളുടെ ശരീരത്തിൽ അവയുണ്ട്. അങ്ങനെ ഗുരുതരമായ രോഗബാധയിൽ നിന്നും ചെറിയ അളവിലുളള ആന്റിബോഡി സംരക്ഷണം നൽകുമെന്നും അദ്ദേഹം വിശദാമാക്കുന്നു.
ഐ.സി.എം.ആർ നടത്തിയ പഠനം ആരോഗ്യമുളളവരുടെ ശരീരത്തിലാകാമെന്നും മുതിർന്നവരിലും ഗുരുതര രോഗമുളളവരിലും ആന്റിബോഡി സാന്നിദ്ധ്യം കൂടുതലുണ്ടാകാമെന്നും 65 വയസിന് മുകളിൽ പ്രായമുളളവർക്കും ഗുരുതര രോഗമുളളവർക്കും മൂന്നാമതൊരു ഡോസ് വാക്സിൻ നൽകാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

