മുഖ്യമന്ത്രിയാണ് കൊടി സുനിക്ക് ജയിലില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതെന്ന് ബെന്നി ബെഹനാന്‍ എംപി

കൊച്ചി: ടി പിയെ കൊല്ലാന്‍ സി പി എം കൊണ്ടു വന്നവരാണ് ഇപ്പോള്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘമായി ഭയാനകമായ അവസ്ഥ സൃഷ്ടിക്കുന്നതെന്ന് ചാലക്കുടി എംപി ബെന്നി ബെഹന്നാന്‍. കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയനാണ് കൊടി സുനിക്ക് ജയിലില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബെന്നിബെഹനാന്റെ വാക്കുകള്‍

കേസില്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള അന്വേഷണമാണ് വേണ്ടത്. സ്വര്‍ണക്കടത്തിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍ ഉണ്ട്. സുനിയുടെയും ഷാഫിയുടെയും പേരുകള്‍ അര്‍ജുന്‍ ആയങ്കിയുടെ വെളിപ്പെടുത്തലില്‍ ഉണ്ട്. സ്വര്‍ണക്കടത്തില്‍ ഞെട്ടിക്കുന്ന വാര്‍ത്ത കേരളം കേള്‍ക്കും. സെന്‍ട്രല്‍ ജയിലുകള്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇപ്പോഴത്തെ ഭയാനകമായ അവസ്ഥ സി പി എം സൃഷ്ടിച്ചതാണ്. പ്രതികളുടെ വീടുകളില്‍ നിന്ന് പോലീസിന്റെ പതക്കം കിട്ടുന്ന സാഹചര്യമാണ്. നമ്മുടെ നാട് അധോലോകത്തിന്റെ പിടിയിലായിരിക്കുന്നു.
കൊവിഡ് രോഗികള്‍ കൂടുതല്‍ മരിക്കുന്നത് കേരളത്തിലാണ്. മരണം മറച്ചു വയ്ക്കുന്നത് ക്രിമിനല്‍ ഒഫന്‍സാണ്. സര്‍ക്കാര്‍ കള്ളക്കണക്ക് ഉണ്ടാക്കുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് സര്‍ക്കാര്‍. കെ സുധാകരനെതിരായ വിജിലന്‍സ് കേസ് എടുത്ത സംഭവത്തില്‍ അദ്ദേഹം കുറ്റക്കാരനണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കെ സുധാകരനോട് മുഖ്യമന്ത്രിക്ക് വിരോധമുണ്ട്. അതിനാലാണ് കേസുണ്ടാകുന്നത്. സുധാകരന്റെ ഡ്രൈവറുടെ പരാതി അന്വേഷിക്കുന്ന സര്‍ക്കാര്‍ അര്‍ജുന്‍ ആയങ്കിയുടെ വെളിപ്പെടുത്തലും അന്വേഷിക്കണം.