സാനിയ മിര്‍സാ – അങ്കിതാ റെയ്ന സഖ്യം ടോക്യോ ഒളിമ്പിക്‌സിലേക്ക്

ന്യൂഡല്‍ഹി: സാനിയ മിര്‍സാ – അങ്കിതാ റെയ്ന സഖ്യം ടോക്യോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി. വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചായിരിക്കും ഇരുവരും മത്സരിക്കുക. ഇതോടെ നാലു ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന അപൂര്‍വ റെക്കാഡും സാനിയക്ക് സ്വന്തമായി.

നാലാമത്തെ ഒളിമ്പിക്സിനു വേണ്ടി തയ്യാറെടുക്കുന്ന സാനിയ മിര്‍സയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും സാനിയ – അങ്കിത സഖ്യത്തെ ഓര്‍ത്ത് ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഇടവരട്ടെ എന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ആശംസിച്ചു.

2017നുശേഷം ആദ്യമായി വിമ്പിള്‍ഡണിനെത്തുന്ന സാനിയ അമേരിക്കന്‍ താരം ബെഥാനി മറ്റെക്കിനൊപ്പമാണ് മത്സരിക്കുന്നത്. ആദ്യ റൗണ്ടില്‍ സാനിയ-മറ്റെക് സഖ്യം ആറാം സീഡുകളായ അലക്‌സ് ഗുവാരച്ചി-ഡിസൈറെ ക്രോസിക്ക് ജോടിയെയാണ് നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നത്. സ്‌കോര്‍ 7-5, 6-3.അനസ്താഷ്യ പാവ്‌ലുചുങ്കോവ-എലേന റൈബാക്കിനയും വെറോണിക്ക കുഡെര്‍മെറ്റോവ-എലീന വെസ്‌നീന പോരാട്ടത്തിലെ വിജയികളെയാണ് രണ്ടാം റൗണ്ടില്‍ സാനിയ സഖ്യം നേരിടേണ്ടത്. വനിതാ ഡബിള്‍സില്‍ അമേരിക്കന്‍ താരം ലോറന്‍ ഡേവിസിനൊപ്പം അങ്കിതയും വിമ്പിള്‍ഡണില്‍ മത്സരിക്കുന്നുണ്ട്.