തിരുവനന്തപുരം: വിവാദമരംമുറിക്കുള്ള ഉത്തരവിറക്കിയത് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നെന്ന തെളിവുകള്‍ പുറത്ത്. ഉത്തരവിറക്കാന് റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്കിയത് മന്ത്രിയാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.റവന്യൂ പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണല്‍ എജിയുടെയും ഉപദേശം വാങ്ങിവേണം ഉത്തരവിറക്കാന് എന്ന് വ്യക്തമാക്കിയ മന്ത്രിതന്നെയാണ് ഉത്തരവിന് സമ്മര്‍ദം ചെലുത്തിയിരിക്കുന്നത്.
കുട്ടമ്പുഴ വനമേഖലയിലെ കര്‍ഷകര്‍ക്ക് അവര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി തേടിയതിന്റെ പശ്ചാത്തലത്തില്‍ 2019 ജൂണ്‍ 27-ന് വനംമന്ത്രി ഒരു യോഗം വിളിച്ചു. കര്‍ഷകര്‍ നട്ട മരംമുറിക്കുന്നതിന് വനംവകുപ്പിന് എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ ചന്ദനം, ഈട്ടി, തേക്ക്, കരിമരം തുടങ്ങിയ രാജകീയ മരങ്ങള്‍ മുറിക്കാന്‍ സാധിക്കില്ല അത് സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ് എന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ചത്. തുടര്‍ന്ന് 2019 സെപ്റ്റംബറില്‍ റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു യോഗം ചേര്‍ന്നിരുന്നു.
ഈ യോഗത്തിലും അതേ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. 2020 ഒക്ടോബര്‍ അഞ്ചിന് ചന്ദ്രശേഖരന്‍ നല്കിയ കുറിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഉത്തരവില്‍ മരങ്ങള്‍ മുറിക്കുന്നതിന് ആരുടെയും അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നും മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.