ന്യൂഡൽഹി: തിയറ്റർ കമാൻഡുകളുടെ രൂപീകരണം സംബന്ധിച്ച് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയയും തമ്മിൽ അഭിപ്രായ ഭിന്നത. തിയറ്റർ കമാൻഡുകളുടെ രൂപീകരണം സംബന്ധിച്ച് ബിപിൻ റാവത്തിന്റെ അഭിപ്രായത്തെ എതിർത്ത് ബദൗരിയ പരസ്യ പ്രതികരണം നടത്തിയത് സേനകൾക്കുള്ളിൽ ചർച്ചാ വിഷയമായിരിക്കുകയാണ്.
കര, നാവിക, വ്യോമ സേനകൾ സ്വന്തം കമാൻഡുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന നിലവിലെ രീതിക്കു പകരം 3 സേനകളിലെയും ഘടകങ്ങൾ ഉൾപ്പെടുത്തിയ സംയുക്ത കമാൻഡ് ആണ് തിയറ്റർ കമാൻഡ്. ഓരോ ഭൂപ്രദേശത്തും 3 സേനകളുടെയും ആയുധം, ആൾബലം എന്നിവ ഒരു കമാൻഡിലേക്ക് ഏകോപിപ്പിച്ച് പ്രതിരോധത്തിന്റെ ശക്തി വർധിപ്പിക്കുകയാണ് തിയറ്റർ കമാൻഡിന്റെ ലക്ഷ്യം. യുദ്ധമേഖല അല്ലെങ്കിൽ പ്രവർത്തന മേഖല എന്നതിനെ സൂചിപ്പിക്കുന്ന വാക്കാണ് ‘തിയറ്റർ’. തിയറ്റർ കമാൻഡ് മാതൃകയിലാണു യുഎസ്, ചൈന സേനകൾ പ്രവർത്തിക്കുന്നത്.
കര, വ്യോമസേനകൾക്ക് 7 വീതവും നാവികസേനയ്ക്ക് മൂന്നും ഉൾപ്പെടെ 17 കമാൻഡുകളുമാണ് നിലവിലുള്ളത്. ആൻഡമാനിൽ മാത്രം നിലവിൽ സംയുക്ത കമാൻഡ് ഉണ്ട്. കമാൻഡുകൾ വരുമ്പോൾ യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, മിസൈലുകൾ എന്നിവയടക്കമുള്ള സന്നാഹങ്ങളുടെ നിയന്ത്രണം നഷ്ടമാകുമോ എന്നാണ് വ്യോമസേനയുടെ ആശങ്ക. കരസേനയ്ക്കു പിന്നിൽ പിന്തുണയുമായി നിൽക്കേണ്ട സംഘം എന്ന നിലയിലേക്കുള്ള മാറ്റം വ്യോമസേനയുടെ പ്രധാന്യം കുറയ്ക്കുമെന്നും സേന വിലയിരുത്തുന്നുണ്ട്.
കമാൻഡിന്റെ നിയന്ത്രണം കരസേനയ്ക്കാണെങ്കിൽ ലഫ്. ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ചുമതല നിർവ്വഹിക്കുന്നത്. വ്യോമസേനയ്ക്കാണെങ്കിൽ എയർ മാർഷലും നാവികസേനയ്‌ക്കെങ്കിൽ വൈസ് അഡ്മിറലും ചുമതല വഹിക്കും. രാജ്യത്തിന്റെ വ്യോമസുരക്ഷയ്ക്കായുള്ള കമാൻഡിന്റെ നേതൃത്വം വ്യോമസേനയ്ക്കായിരിക്കും. രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറൻ സമുദ്ര മേഖലകളിലെ സുരക്ഷയ്ക്കായുള്ള മാരിടൈം കമാൻഡിന്റെ ചുമതല നാവികസേനയ്ക്കായിരിക്കും. പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാൻ 2 തിയറ്റർ കമാൻഡുകൾ അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് സ്ഥാപിക്കും. കരസേനയ്ക്കായിരിക്കും ഇതിന്റെ നേതൃത്വം. സേനകളുടെ ആയുധ സന്നാഹങ്ങൾ കൈകാര്യം ചെയ്യാനുള്ള ലോജിസ്റ്റിക്‌സ് കമാൻഡും മറ്റു സേനകൾക്കൊപ്പം പ്രവർത്തിക്കാനുള്ള പരിശീലനം സൈനികർക്കു നൽകാനുള്ള ട്രെയിനിംഗ് കമാൻഡും പരിഗണനയിലുണ്ട്.

