സ്പിരിറ്റ് മോഷണക്കേസിൽ പ്രതികളായ ഉന്നത ഉദ്യോഗസ്ഥർ ഒളിവിൽ; ജവാൻ റമ്മിന്റെ പൊതുമേഖലാ സ്ഥാപനം പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ ഉൽപാദനം നിലച്ചു

തിരുവല്ല: ജവാൻ റമ്മിന്റെ പൊതുമേഖലാ സ്ഥാപനമായ പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ ഉൽപാദനം നിലച്ചു. സ്പിരിറ്റ് മോഷണക്കേസിൽ പ്രതികളായ ഉന്നത ഉദ്യോഗസ്ഥർ ഒളിവിലായതോടെയാണ് ഉത്പാദനം നിലച്ചത്. എക്‌സൈസ് എഫ് ഐ ആർ പ്രകാരം നാലു മുതൽ ആറു വരെ പ്രതികളായ ജനറൽ മാനേജർ അലക്‌സ് പി ഏബ്രഹാം, മാനേജർ യു.ഷാഹിം. പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവരാണ് ഒളിവിൽ പോയത്. 10 സ്ഥിരം ജീവനക്കാരും 28 ജീവനക്കാരും 117 കരാർ ജീവനക്കാരുമാണ് ഇവിടെയുണ്ടായിരുന്നത്. ദിവസേന 54, 000 ലിറ്റർ റം ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷി ഇവിടെ ഉണ്ടായിരുന്നു.

സ്പിരിറ്റ് തട്ടിയെടുത്ത ശേഷം പകരം ഇവിടെ റമ്മിൽ വെള്ളം ചേർത്തിരുന്നതായാണ് ലഭിക്കുന്ന വിവരം. സ്പിരിറ്റ് ക്രമക്കേട് നടന്നത് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ നേതൃത്വത്തിലാണെന്നാണ് റിപ്പോർട്ട്. കോടിക്കണക്കിന് രൂപയുടെ നേട്ടമാണ് ഉദ്യോഗസ്ഥർ ഇതുവഴി ഉണ്ടാക്കിയത്. പുളിക്കീഴിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടുവന്ന 20386 ലിറ്റർ സ്പിരിറ്റ് കേസിലെ ഒന്നും രണ്ടും പ്രതികൾ മൂന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ അറിവോടെ ഏഴാം പ്രതിയായ മദ്ധ്യപ്രദേശ് സ്വദേശി അബുവിന് വിറ്റു എന്നാണ് കേസ്. പ്രതികൾക്കെതിരെ മോഷണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മധ്യപ്രദേശിൽ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4000 ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് എൻഫോഴ്സ്മെന്റ് ഇവിടെ പരിശോധന നടത്തിയത്. പരിശോധനയിൽ ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. തുടർന്ന് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്.

ജീവനക്കാരൻ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ടാങ്കർ ഡ്രൈവർമാരുടെ മൊഴി. അരുണിനെയും ഡ്രൈവർമാരെയും പിന്നീട് ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോൾ ആണ് സ്പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശിൽ നിന്നും ടാങ്കറിൽ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവർമാരും ചേർന്ന് മറിച്ചു വിറ്റത്. ലിറ്ററിന് അൻപത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വിൽക്കുകയായിരുന്നു.