ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മൂന്ന് മാസത്തിനകം മരിച്ചവരുടെ മരണസര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കോവിഡെന്ന് രേഖപ്പെടുത്തണമെന്ന് സുപ്രിംകോടതി. കോവിഡില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണ് സുപ്രിംകോടതി നിര്‍ദ്ദേശം. കോവിഡ് ബാധിച്ചശേഷം മറ്റു സങ്കീര്‍ണതകള്‍കൊണ്ട് ആശുപത്രിയിലോ വീട്ടിലോ വെച്ച് മരിച്ചാലും മരണസര്‍ട്ടിഫിക്കറ്റ് ഇത്തരത്തില്‍ തന്നെ നല്‍കണമെന്ന് കോടതി പറഞ്ഞു. മരണ സര്‍ട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന് മാര്‍ഗരേഖയിറക്കാനും ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റിനുള്ള മാര്‍ഗരേഖയുണ്ടാക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സില്‍ക്കാണണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
മാത്രമല്ല, ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി.4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍, തുക എത്രയെന്നു പറയാതെ ഉചിതമായ തുക സര്‍ക്കാര്‍ നല്‍കണമെന്നാണ് നിര്‍ദേശിച്ചത്.കോവിഡോ ഇതിനെ തുടര്‍ന്നുള്ള മ്യൂക്കര്‍മൈക്കോസിസോ (ബ്ലാക്ക് ഫംഗസ്) ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 4 ലക്ഷം രൂപ നഷ്ടപരിഹാരവും കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഏകീകൃത രൂപവും വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അഭിഭാഷകരായ റീപക് കന്‍സാല്‍, ഗൗരവ് കുമാര്‍ ബന്‍സാല്‍ എന്നിവരാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. സര്‍ട്ടിഫിക്കറ്റ് നടപടികള്‍ ലളിതമാക്കി മാര്‍ഗരേഖയിറക്കണം. – കോടതി നിര്‍ദേശിച്ചു.

