കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് പോലീസ് നോട്ടീസ് നൽകി. കൊടകര കുഴൽപ്പണക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് പോലീസ് സുരേന്ദ്രന് നോട്ടീസ് അയച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് പോലീസ് സംഘം സുരേന്ദ്രന് നോട്ടീസ് നൽകിയത്. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്.
അതേസമയം ചോദ്യംചെയ്യലിന് ഹാജരാകണോ എന്ന കാര്യം വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നാണ് കെ സുരേന്ദ്രൻ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ കിട്ടേണ്ടതുണ്ടെന്നും അതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊടകരയിൽ കവർച്ച ചെയ്ത പണം ബി.ജെ.പിയുടേതാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണെന്നും നേരത്തെ പോലീസ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

