ന്യൂഡൽഹി: കോവിഡ് വൈറസിന്റെ ഡെൽറ്റാ പ്ലസ് വകഭേദവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി ലോകാരോഗ്യ സംഘടന. നിലവിൽ ആഗോളതലത്തിൽ ആശങ്കപ്പെടുത്തുന്ന വകഭേദമായി ‘ഡെൽറ്റ പ്ലസ്’ മാറിയിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. ചീഫ് സയന്റിസ്റ്റായ ഡോ. സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിനകത്ത് ‘ഡെൽറ്റ പ്ലസ്’ ഭീഷണിയായി നിലനിൽക്കുന്നുണ്ടെങ്കിലും ആഗോളതലത്തിൽ ചിത്രം അതല്ലെന്ന് സൗമ്യ സ്വാമിനാഥ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ത്യൻ വകഭേദമായ ‘ഡെൽറ്റ പ്ലസ്’ ഇതുവരെ 12 സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 12 രാജ്യങ്ങളിലും ഡെൽറ്റാ പ്ലസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് ‘ഡെൽറ്റ പ്ലസ്’ ആശങ്ക സൃഷ്ടിക്കുന്നുണ്ട് എന്നത് വസ്തുത തന്നെയാണ്. എന്നാൽ വിദേശരാജ്യങ്ങളിൽ അത്രമാത്രം ആശങ്കകൾക്ക് ഇത് ഇടയാക്കിയിട്ടില്ലെന്നാണ് ഇതിലൂടെ മനസിലാക്കാൻ കഴിയുന്നത്.
കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ചില രാജ്യങ്ങൾ പ്രവേശനാനുമതി നൽകാതിരിക്കുന്ന കാര്യത്തെ കുറിച്ചു ഡോ. സൗമ്യ സ്വാമിനാഥൻ വിശദീകരിച്ചു. യൂറോപ്യൻ മെഡിക്കൽ റെഗുലേറ്ററുമായി ലോകാരോഗ്യസംഘടന ഇക്കാര്യം ചർച്ച ചെയ്ത് വരികയാണെന്ന് സൗമ്യാ സ്വാമിനാഥൻ വ്യക്തമാക്കി.

