അഭിമന്യുവിന്റെ സ്വപ്നങ്ങൾക്ക് ചിറകേകി എസ്എഫ്‌ഐ; അഭിമന്യു സ്മാരകത്തിൽ പിന്നോക്ക വിഭാഗത്തിലെ കുട്ടികൾക്ക് പഠനത്തിനായി താമസ സൗകര്യം ഒരുക്കും

കൊച്ചി: നാളെ ജൂലൈ 2. എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ അഭിമന്യുവിന്റെ മൂന്നാം രക്താസാക്ഷി ദിനം. ജീവിത സാഹചര്യങ്ങളോട് പോരാടി പഠിച്ച് ഉയർന്ന നിലയിലെത്താൻ ആഗ്രഹിച്ച അഭിമന്യുവിന്റെ സ്വപ്‌നങ്ങൾ പാതിവഴിയിൽ നിലച്ചിട്ട് മൂന്ന് വർഷങ്ങൾ.

ജീവിതയാത്രക്കിടെ നിലച്ചു പോയ സ്വപ്‌നങ്ങൾക്ക് മിഴിവേകിയിരിക്കുകയാണ് അഭിമന്യു വിശ്വസിച്ചിരുന്ന പ്രസ്ഥാനവും അവന്റെ സുഹൃത്തുക്കളും. പഠിച്ച് മിടുക്കനാകുക എന്നതിനോടൊപ്പം തന്നെ അവൻ സ്വപ്‌നം കണ്ട മറ്റൊരു കാര്യമായിരുന്നു പാവങ്ങളെ സഹായിക്കുക എന്നത്. വട്ടവടയിലെ ഒറ്റമുറി വീട്ടിലെ ഇല്ലായ്മകളിൽ നിന്നും വളർന്ന അഭിമന്യുവിന്റെ ജീവിത ലക്ഷ്യങ്ങളിലൊന്നായിരുന്നു സഹജീവികളെ സഹായിക്കൽ.

അഭിമന്യുവിന്റെ സ്വപ്‌നങ്ങളും ജീവിത ലക്ഷ്യങ്ങളും സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലാണ് എസ്എഫ്‌ഐ. ഇതിന്റെ ഭാഗമായി അഭിമന്യുവിനായി സ്മാരകം തീർത്തിരിക്കുകയാണ് എസ്എഫ്‌ഐ. ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയെന്ന അവന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഈ സ്മാരകം പ്രയോജനപ്പെടുത്താമെന്നാണ് എസ്എഫഐ പ്രതീക്ഷിക്കുന്നത്. പിന്നോക്ക വിഭാഗത്തിലെ കുട്ടികൾക്ക് കലൂരിലെ അഭിമന്യു സ്മാരകത്തിൽ താമസിച്ച് പഠിക്കാനുള്ള അവസരമൊരുക്കും. അഭിമന്യു സ്മാരക ട്രസ്റ്റാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്.

പത്താം ക്ലാസ് കഴിഞ്ഞ 30 കുട്ടികൾക്ക് ഇവിടെ താമസിച്ച് പഠിക്കാൻ കഴിയും. പഠന യോഗ്യതയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. വിദേശ സർവകലാശാലകളിലെ ഓൺലൈൻ കോഴ്സുകൾ, മത്സര പരീക്ഷാ പരിശീലനം, തൊഴിൽ പരിശീലനം, വ്യക്തിത്വ വികസന ക്ലാസുകൾ തുടങ്ങിയവയ്ക്കും അവസരമൊരുക്കും. കോവിഡ് വൈറസ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഓൺലൈൻ പഠനസൗകര്യമില്ലാത്ത 250 കുട്ടികൾക്ക് അഭിമന്യു രക്തസാക്ഷിത്വദിനമായ ജൂലൈ രണ്ടിന് മൊബൈൽ ഫോൺ കൈമാറാനും എസ്എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്. ഊരുകളിൽ അഭിമന്യുവിന്റെ സ്മരണാർഥം നിർമിച്ച ലൈബ്രറികൾ കേന്ദ്രീകരിച്ച് കുട്ടികൾക്കായി പൊതു പഠനകേന്ദ്രവും ഒരുക്കും. മാസത്തിൽ ആദ്യ വെള്ളിയാഴ്ച കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ വെബിനാർ സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് വ്യാപനം കുറയുമ്പോൾ ഊരുകളിൽ നേരിട്ടെത്തി പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് എസ് എഫ് ഐ സെക്രട്ടറി സി എസ് അമൽ അറിയിച്ചു.

ആറര സെന്റ് സ്ഥലത്താണ് അഭിമന്യു മന്ദിരം നിർമ്മിച്ചിരിക്കുന്നത്. രണ്ടേമുക്കാൽ കോടി രൂപ ഉപയോഗിച്ചാണ് മന്ദിരം നിർമ്മിച്ചത്. സി പി എം എറണാകുളം ജില്ലാ കമ്മിറ്റി പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിച്ചാണ് കെട്ടിട നിർമ്മാണം നടത്തിയത്. തൊഴിൽപരിശീലന കേന്ദ്രങ്ങൾ, റഫറൻസ് ലൈബ്രറി, പട്ടികവർഗ വിദ്യാർഥികൾക്ക് താമസ-പഠന സൗകര്യം എന്നിവയാണ് സ്മാരകത്തിലൂടെ ലക്ഷ്യമിടുന്നത്.