അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍കാന്തിനെ നിയമിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനില്‍ കാന്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹി സ്വദേശിയായ അനില്‍ കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് ആദ്യമായി എത്തുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് അനില്‍കാന്ത്.

വൈകിട്ട് പോലീസ് ആസ്ഥാനത്തെത്തുന്ന അനില്‍ കാന്ത് സ്ഥാനം ഒഴിയുന്ന ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് ചുമതല ഏറ്റെടുക്കും. കേരളാ കേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍ റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഡല്ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി.

കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ആയിരുന്നു.വിശിഷ്ട സേവനത്തിനും സ്തുത്യര്‍ഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.