കോവിഡ് രോഗികള്‍ക്കുള്ള വീട്ടുകാരെ വിളിക്കാം പദ്ധതി കൂടുതല്‍ ആശുപത്രിയിലേക്ക് വ്യാപിപ്പിക്കും

തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്കായുള്ള വീട്ടുകാരെ വിളിക്കാം പദ്ധതി കൂടുതല്‍ ആശുപത്രിയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. തിരുവന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ സഹകരണത്തോടെ ജൂണ്‍ 24 നാണ് പദ്ധതി തുടക്കം കുറിച്ചത്. കോളേജിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹി കൂടിയായ ഡോ.ജോണ്‍ പണിക്കര്‍ പദ്ധതി നടത്തിപ്പിന് എല്ലാ സഹായവും ചെയ്യാന്‍ മുന്നോട്ട് വന്നുവെന്നും പദ്ധതി വഴി അറുപതോളം രോഗികള്‍ക്ക് വീട്ടുകാരെ കാണാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

കോവിഡ് രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയത്. വീട്ടിലുള്ളവര്‍ രോഗിയുടെ വിവരങ്ങള്‍ എസ്.എം.എസ്. അയച്ചാല്‍ ആ രോഗികളുമായി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ് പദ്ധതി.ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം 3 മുതല്‍ 5 മണിവരെ വീഡിയോ കോള്‍ വഴി തിരികെ വിളിക്കുന്നതാണെന്ന് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് മന്ത്രി അറിയിച്ചിരുന്നു.അതേസമയം സംസ്ഥാനത്ത് ഇന്നലെ13,550 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.